അഹമ്മദാബാദ്: ആരെയും കൂസാത്ത ബാറ്റിംഗ് നിര, ഫൈനലിന് ഇറങ്ങും വരെ ഇതായിരുന്നു ഇതായിരുന്നു ഇന്ത്യക്കുള്ള പേര്. എന്നാല്‍ ഫൈനലില്‍ അത് മാറിക്കിട്ടി. നല്ലൊരു ബൗളിംഗ് നിര വന്നാല്‍ ഇപ്പോഴും ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് തെളിയിക്കാന്‍ ഓസ്ട്രേലിയക്ക് സാധിച്ചിരിക്കുകയാണ്. ഒാസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മികവുറ്റ തന്ത്രങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.
ടോസ് നേടിയത് മുതലുള്ള പ്ലാനിംഗ് കമ്മിന്സിനന്റെ ക്യാപ്റ്റന്‍സിയില്‍ പ്രകടമായിരുന്നു. ഷോര്‍ട്ട് ലെംഗ്തില്‍ വേഗം കുറഞ്ഞ് ഗില്ലിനെ റണ്‍സ് സ്കോര്‍ ചെയ്യാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു ആദ്യത്തെ പ്ലാന്‍. മികച്ച ഫീല്‍ഡിംഗ് ഇതിന് സഹായമൊരുക്കി. റണ്‍സ് വരാതായതോടെ ഗില്‍ സമ്മര്‍ദത്തിലായി. തീര്‍ത്തും ശ്രദ്ധയില്ലാത്ത ഷോട്ടില്‍ പുറത്താവുകയും ചെയ്തു.
രോഹിത് ശര്‍മയുടെ വിക്കറ്റ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയിരുന്നു രോഹിത്. അനാവശ്യമായി വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. അതേസമയം വിരാട് കോലിയുടെ വിക്കറ്റ് കമ്മിന്‍സിന്റെ സമര്‍ത്ഥമായ ബൗളിംഗിലാണ് വീണത്.
മനോഹരമായി കളിച്ച് വന്ന കോലിയെ പന്തിന്റെ വേഗം കുറച്ച് കമ്മിന്‍സ് ബുദ്ധിമുട്ടിച്ചിരുന്നു. എന്ത് ചെയ്യണമെന്ന് ഒരു ആശയക്കുഴപ്പം കോലി ഷോട്ട് കളിക്കുമ്പോള്‍ ഉണ്ടായിരുന്നു. ഓഫ് സൈഡില്‍ സിംഗിളിനായി ശ്രമിച്ച കോലിക്ക് പന്തിന്റെ വേഗം മനസ്സിലാക്കുന്നതില്‍ പിഴച്ചു. പന്ത് സ്റ്റമ്പ് പിഴുതെടുക്കുകയും ചെയ്തു.