ചോറില്‍ നിന്നും ഇനി പ്രോട്ടീനും, പുതിയ അരി വികസിപ്പിച്ച്‌ സിഎസ്‌ഐആർ-എൻഐഐഎസ്ടി; ഗവേഷണം നടന്നത് തിരുവനന്തപുരത്ത്‌

ന്യൂഡല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സിഎസ്‌ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്‌ഐആർ-എൻഐഐഎസ്ടി) വികസിപ്പിച്ച പോഷക സമൃദ്ധമായ അരിയുടെ സാങ്കേതിക വിദ്യാ കൈമാറ്റം ഫെബ്രുവരി 18-ന് നടക്കും.

ന്യൂഡൽഹിയിലെ സിഎസ്‌ഐആർ ആസ്ഥാനമായ അനുസന്ധൻ ഭവനിൽ വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന ‘സിഎസ്ഐആർ- എൻഐഐഎസ്ടി ടെക് കണക്ട്: ഫ്രം ലാബ് ടു മാർക്കറ്റ്’ ചടങ്ങിൽ ഡിഎസ്‌ഐആർ സെക്രട്ടറിയും സിഎസ്‌ഐആർ ഡയറക്ടർ ജനറലുമായ ഡോ. എൻ. കലൈസെൽവി മുഖ്യാതിഥിയാകും. എൻആർഡിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൊമോഡോർ അമിത് റസ്‌തോഗി (റിട്ട.), ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സിന്റെ ഗവേഷണ വികസന ഗ്ലോബൽ ഹെഡ് വികാസ് ഗുപ്ത എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സിഎസ്‌ഐആർ- എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണനാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

പോഷകാഹാര സുരക്ഷയും ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികളും പരിഹരിക്കുന്നതിനായി സിഎസ്‌ഐആർ- എൻഐഐഎസ്ടി വികസിപ്പിച്ചെടുത്ത ഗ്ലൈസെമിക് സൂചിക കുറഞ്ഞ, സൂക്ഷ്മ പോഷകങ്ങളും, പ്രോട്ടീൻ സമ്പുഷ്ടവുമായ അരി ചടങ്ങിൽ പുറത്തിറക്കും. ഈ സാങ്കേതികവിദ്യ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിനും തമിഴ്നാട്ടിലെ എസ്എസ് സോൾ ഫുഡ്സിനും കൈമാറും. ടൈപ്പ് രണ്ട് പ്രമേഹത്തെ നേരിടുന്നതിൽ ഇതിന് നിർണായക പങ്ക് ചെലുത്താനാകും.

കൈമാറ്റം ചെയ്യപ്പെടുന്ന മറ്റ് സാങ്കേതികവിദ്യകളിൽ, സിഎസ്‌ഐആർ-എൻഐഐഎസ്ടി വികസിപ്പിച്ചെടുത്ത ഒരു തദ്ദേശീയ കോഫി ക്രീമ സാങ്കേതികവിദ്യയും ഉൾപ്പെടുന്നു. ഇത് സ്ഥിരതയുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ ഫോം രൂപീകരണം സാധ്യമാക്കുന്നു. കാപ്പിയുടെ സുഗന്ധത്തിലും മികച്ച രുചിക്കും ഇത് പ്രധാന ഘടകമാണ്. വളർന്നുവരുന്ന കാപ്പി-പാനീയ വ്യവസായത്തിന് അവസരങ്ങൾ നൽകുന്നു.

മറ്റൊരു നൂതനാശയം ബയോ- അധിഷ്ഠിത കാർഡനോൾ പോളിയോൾ മോഡിഫൈഡ് പോളിയുറീഥെയ്ൻ ഡിസ്പർഷൻ സാങ്കേതികവിദ്യയാണ്. പെട്രോളിയം അധിഷ്ഠിത ബൈൻഡറുകൾക്ക് ഒരു ഹരിത ബദലാണിത്. ഇത് മെച്ചപ്പെട്ട മെക്കാനിക്കൽ ശക്തി, സ്ഥിരത എന്നിവ പ്രകടമാക്കുന്നു. തുകൽ ഫിനിഷിംഗിലും മെറ്റാലിക് കോട്ടിംഗുകളിലും ഇത് ഉപയോഗിക്കുന്നു.

വിളവെടുപ്പിനു ശേഷം പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള രണ്ട് സാങ്കേതികവിദ്യകളും കൈമാറും. ഇതിൽ ഓസ്‌മോട്ടിക് ഡീഹൈഡ്രേറ്റഡ് ഫ്രൂട്ട് ബൈറ്റ്സും റെഡി-ടു-കുക്ക് വെജിറ്റബിൾ മിക്‌സും ഉൾപ്പെടുന്നു, ഇവ രണ്ടും റഫ്രിജറേറ്റഡ് അഡോർപ്ഷൻ ഡീഹ്യൂമിഡിഫൈഡ് ഡ്രയർ (ആർഎഡിഡി) സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണ്. പോഷകങ്ങൾ നിലനിർത്തൽ, സുദീർഘമായ ഷെൽഫ് ലൈഫ്, ഊർജ്ജ- കാര്യക്ഷമമായ സംസ്‌കരണം എന്നിവ പ്രാപ്തമാക്കുന്നു.

ദുർഗന്ധവും ഈച്ച ശല്യവുമില്ലാതെ വേഗത്തിലുള്ള കമ്പോസ്റ്റിംഗ് സാധ്യമാക്കുന്ന, എഞ്ചിനീയറിംഗ് ചെയ്ത JAIVAM എന്ന മൈക്രോബയോമിന്റെ കൈമാറ്റവും നടക്കും. ഈ സാങ്കേതികവിദ്യയ്ക്ക് ഇതിനകം നാല് വ്യാവസായിക ലൈസൻസുകൾ ലഭിച്ചു. കൂടാതെ കേരള സംസ്ഥാന ശുചിത്വ മിഷൻ അംഗീകാരവുമുണ്ട്.

കാർഷിക ബയോമാസിൽ (കാക്ടസ്) നിന്ന് ഉരുത്തിരിഞ്ഞ രണ്ട് സസ്യാധിഷ്ഠിത തുകൽ ബദൽ സാങ്കേതികവിദ്യകളും കൈമാറ്റം ചെയ്യപ്പെടും. പരിസ്ഥിതി സൗഹൃദ പ്രോട്ടോക്കോളുകളും നൂതന ഫിനിഷിംഗ് ടെക്‌നിക്കുകളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ വസ്തുക്കൾ, കാർഷിക മാലിന്യ മൂല്യനിർണ്ണയവും സുസ്ഥിര ഉത്പാദനവും പ്രാപ്തമാക്കുന്നതിനൊപ്പം മൃഗങ്ങളിൽ നിന്നെടുക്കുന്ന തുകലിന് സദൃശ്യവുമാണ്.

കുറഞ്ഞ സോഡിയം ഉപ്പ് ഫോർമുലേഷനുകളുടെ വികസനവും ഉപ്പ് ക്രിസ്റ്റലുകളുടെ എലമെന്റൽ ഇമേജിങ്ങും സംബന്ധിച്ച ഒരു പ്രൊജക്ട് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതിനും ഈ പരിപാടി സാക്ഷ്യം വഹിക്കും. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം, ഉപ്പിന്റെ അളവ് 86 ശതമാനം വരെ കുറയ്ക്കാനും കഴിയുന്ന ഡിസൈനർ ഹോളോ സാൾട്ട് ക്രിസ്റ്റലുകൾ സിഎസ്‌ഐആർ- എൻഐഐഎസ്ടി വികസിപ്പിക്കുന്നു.

”സിഎസ്ഐആർ- എൻഐഐഎസ്ടി ടെക് കണക്ട്: ഫ്രം ലാബ് ടു മാർക്കറ്റ്’ എന്ന ആശയം, ശാസ്ത്രീയ ഗവേഷണം ലബോറട്ടറിക്ക് അപ്പുറത്തേക്ക് സഞ്ചരിച്ച്, വ്യക്തമായ സാമൂഹികവും വ്യാവസായികവുമായ സ്വാധീനം സൃഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെപ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു എന്ന് സിഎസ്‌ഐആർ- എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണൻ പറഞ്ഞു.

The CSIR-National Institute for Interdisciplinary Science and Technology (NIIST), based in Thiruvananthapuram under the Ministry of Science and Technology, is set to transfer its innovative Fortified Rice Technology on February 18. This technology aims to combat malnutrition by enriching rice with essential vitamins and minerals. The transfer of this technology to the commercial sector marks a significant milestone in ensuring nutritional security and mass-producing high-quality fortified rice for the public.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News