FeaturedKeralaNewsNews

മരിയ്ക്കണോ, ജീവിയ്ക്കണോ? ഇനിയുള്ള 28 ദിനങ്ങള്‍ കേരളത്തിന് നിര്‍ണായകം

കൊച്ചി കൊവിഡ് രോഗ ബാധ സംസ്ഥാനത്തും അതിഭീകരമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കഴിഞ്ഞെങ്കിലും മരണനിരക്ക് ഉയരാതിരിയ്ക്കുന്നത് വലിയ ആത്മവിശ്വാസമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.കൊവിഡ് പ്രതിരോധ രംഗത്ത് ഇനി വരുന്ന 28 ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്നാണ് ദുരന്ത നിവാരണ വിദഗ്ദന്‍ മുരളി തുമ്മാരുകുടി പറയുന്നത്. വിശദമായ കാരണങ്ങളും അദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങള്‍.

കൊറോണക്കാലം വന്നപ്പോള്‍ മുതല്‍ അടുത്ത പതിനാലു ദിവസം അല്ലെങ്കില്‍ മൂന്നു മാസം നിര്‍ണ്ണായകമാണ് എന്നൊക്കെ പലപ്പോഴും നമ്മള്‍ കേട്ടു. ഇന്നിപ്പോള്‍ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാന്‍ ഒരു അഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങള്‍.

ഇന്നിപ്പോള്‍ കേരളത്തില്‍ ഒരു ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിര്‍ത്തി കടക്കുകയാണ്. .
ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ഒക്കെയാകും. മരണ സംഖ്യയും കൂടുക തന്നെയാണ്. ഇന്ന് തന്നെ നാലുപേര്‍ മരിച്ചു, ഇനി അത് ഇരട്ടിയാകും, ദിവസേന പത്തും ഇരുപതും അതിലപ്പുറവും ആകും. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മള്‍ അറിയുന്നവര്‍ക്ക് രോഗം ബാധിക്കും, നാം അറിയുന്ന ആരെങ്കിലും മരിക്കാനും മതി.

കേരളത്തില്‍ തൊണ്ണൂറ്റി ഒന്നുപേര്‍ക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ദിവസം ആയിരം കടന്നിട്ടും നമ്മള്‍ ലോക്ക് ഡൗണില്‍ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവര്‍ ഒന്നും ഇപ്പോള്‍ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല. നമുക്ക് അതിശയം തോന്നേണ്ടതല്ലേ ?

ഇതാണ് ‘പുഴുങ്ങുന്ന മാക്രി’ (boiling frog syndrome) എന്ന് പറയുന്ന അവസ്ഥ. ഒരു തവളയെ ചൂട് വെള്ളത്തിലേക്ക് എടുത്തിട്ടാല്‍ അതവിടെ നിന്നും ഉടന്‍ ചാടി രക്ഷപെടും. അതേ തവളയെ പച്ച വെള്ളത്തില്‍ വച്ചിട്ട് അതിനടിയില്‍ പതുക്കെ ചൂടാക്കിതുടങ്ങിയാല്‍ തവള അവിടെ തന്നെയിരിക്കും കാരണം പതുക്കെ പതുക്കെ ചൂട് കൂടി വരുന്നത് അത് ശ്രദ്ധിക്കില്ല. അവസാനം വെള്ളം തിളക്കും, തവള സ്വയം പുഴുങ്ങി മരിക്കുകയും ചെയ്യും.

കേരളത്തില്‍ ഈ ആയിരം എത്തിയത് വെള്ളം പതുക്കെ ചൂടാകുന്ന പോലെയാണ്. പത്തായി, നൂറായി, അഞ്ഞൂറായി, ആയിരമായി അങ്ങനെ. ഓരോ ദിവസത്തെ നമ്പര്‍ കാണുമ്പോഴും നാം ചുറ്റും നോക്കുന്നു, നാം സുരക്ഷിതമാണ്, എന്നാല്‍ പിന്നെ അടുത്ത ദിവസം വൈകീട്ട് നോക്കാം എന്ന് പറഞ്ഞിരിക്കുന്നു.

ഞാന്‍ ഇന്നലെ പറഞ്ഞത് പോലെ കേരളത്തിന് മുന്‍പും പ്രതിദിനം ആയിരം കേസുകള്‍ കടന്ന പ്രദേശങ്ങള്‍ അനവധി ഉണ്ട്. ഇറ്റലിയില്‍ മാര്‍ച്ച് ഏഴിന് ആയിരം കടന്നു (പതിനാലിന് മൂവായിരവും ഇരുപത്തി ഒന്നിന് ആറായിരവും കടന്നു). ഡല്‍ഹിയില്‍, ചെന്നെയില്‍ ഒക്കെ ആയിരം കടന്നു പല ആയിരങ്ങളിലേക്ക് പോയി.പക്ഷെ അവിടെ ഒക്കെ കേസുകളുടെ എണ്ണം ഇപ്പോള്‍ താഴേക്കാണ്.

അത് വെറുതെ സംഭവിച്ചതല്ല. ശക്തമായ നടപടികളില്‍ കൂടിയാണ് അത് ഉണ്ടായത്. നമുക്കും അത് വേണ്ടി വരും. ഹോട്‌സ്‌പോട്ടും കണ്ടൈന്‍മെന്റും മാറി കര്‍ഫ്യൂവും ലോക്ക് ഡൗണും ആയിട്ടുള്ള കര്‍ശന നടപടികള്‍ അധികം താമസിയാതെ കേരളത്തിലും ഉണ്ടാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പക്ഷെ അത്തരം ശക്തമായ നടപടികള്‍ എന്താകുമെന്നോ എപ്പോള്‍ വരുമെന്നോ നമുക്ക് അറിയില്ലല്ലോ. ഈ നടപടികള്‍ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അതിന് ശേഷമുള്ള നാലാഴ്ചയില്‍ കൊറോണായിവിടെ കുന്നു കയറി ഇറങ്ങാന്‍ തുടങ്ങുമെന്നുമാണ് എന്നാണ് എന്റെ കണക്കു കൂട്ടല്‍.

പക്ഷെ നമ്മുടെ വ്യക്തി സുരക്ഷക്ക് നമ്മള്‍ സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ വരുന്നത് നോക്കിയിരിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ പറയുന്നത് പോലെ നമ്മള്‍ തീര്‍ച്ചയായും അനുസരിക്കണം, പക്ഷെ അതില്‍ കൂടുതല്‍ ചെയ്യാന്‍ നമുക്ക് ആരുടേയും സമ്മതം വേണ്ടല്ലോ.

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈന്‍മെന്റ് വരുമെന്നും, നമുക്ക് ആരില്‍ നിന്നും രോഗം കിട്ടുമെന്നും ഒക്കെ ഇപ്പോള്‍ നമുക്ക് അറിയാമല്ലോ.
അതുകൊണ്ട് നമുക്ക് സ്വന്തമായി ഒരു സെല്‍ഫ് ലോക്ക് ഡൌണ്‍ പോളിസി എടുക്കാവുന്നതേ ഉള്ളൂ.

നിങ്ങള്‍ എത്ര കുറച്ച് ആളുകളുമായി വരുന്ന ദിവസങ്ങളില്‍ കണ്ടുമുട്ടുന്നോ നിങ്ങള്‍ അത്രയും കൂടുതല്‍ സുരക്ഷിതരാണ്. അതായത് നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ അത് ചെയ്യുക, നിങ്ങള്‍ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കില്‍ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കാന്‍ നോക്കുക, ഇല്ലെങ്കില്‍ തുറക്കുന്ന സമയം കുറക്കുക, വീട്ടിലേക്കുള്ള അതിഥികളുടെയോ, സന്ദര്‍ശകരുടെയോ, കച്ചവടക്കാരുടെയോ, ജോലിക്കാരുടെയോ വരവ് പരമാവധി കുറക്കുക, പുറത്തിറങ്ങുന്നത് ലോക്ക് ഡൌണ്‍ ആണെന്ന രീതിയില്‍ മാത്രമാക്കുക, അത്യാവശ്യത്തിന് മാത്രം. കൈകഴുകല്‍, മാസ്‌ക്, സാമൂഹിക അകലം ഇതൊക്കെ ശീലമാക്കുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്‌ക്ക് കൂടുതല്‍ ആണ്, അതാണ് അടിസ്ഥാന തത്വം.

ഒന്നാമത്തെ ലോക്ക് ഡൌണ്‍ കാലത്ത് ഭക്ഷ്യ സാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാവുമെന്നൊക്കെ നമ്മള്‍ ഓര്‍ത്തല്ലോ, അതുണ്ടായില്ല, അതിനാല്‍ കൂടുതല്‍ ധൈര്യത്തോടെ നമുക്ക് സെല്‍ഫ് ലോക്ക് ഡൗണിന് തയ്യാറാകാം. സാമ്പത്തികമായി നിങ്ങള്‍ തയ്യാറാണെങ്കില്‍ പിന്നെ ഇക്കാര്യത്തില്‍ വൈകിക്കേണ്ട കാര്യമില്ല.

മാനസികമായ വെല്ലുവിളികള്‍ വരാന്‍ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്, നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ ഒക്കെ ഇത് ബാധിച്ചു. പക്ഷെ നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശയായത് കൊണ്ടോ കാര്യമില്ല. നമ്മള്‍ നമ്മുടെ ചുറ്റുമുള്ള ഓരോരുത്തരോടും പെരുമാറുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മളും അവരും മാനസിക സംഘര്‍ഷത്തിലാണ്. സംസാരം പൊതുവെ നെഗറ്റീവ് ആകും, സാധാരണയില്‍ വേഗത്തില്‍ ദേഷ്യം വരാം. വീട്ടിലും, ഓഫീസിലും, സമൂഹത്തിലും ഒരുമ (cohesion) നിലനിര്‍ത്തുക പ്രധാനമാണ്. എളുപ്പമല്ല അപ്പോള്‍ ചുറ്റും നടക്കുന്നത് എന്താണെന്നും എന്തുകൊണ്ടും ആണെന്ന് അറിയുന്ന മൈന്‍ഡ് ഫുള്‍നസ്സ് പ്രാക്ടീസ് ചെയ്തു പഠിക്കുക.

നമ്മള്‍ കടന്നു പോകുന്നത് ചരിത്രപരമായി പ്രസിദ്ധമാകാന്‍ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. കൊറോണക്കാലത്തെ നമ്മള്‍ അതിജീവിച്ചത് എങ്ങനെയെന്ന് ഒരിക്കല്‍ നമ്മുടെ കൊച്ചുമക്കളോടൊക്കെ പറയാനുള്ള അവസരം ഉണ്ടാകും. അത് കൊണ്ട് ഓരോ കഥയും ഓര്‍ക്കുക. പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാന്‍ പറ്റൂ. !

കേരളത്തിലെ ഒട്ടനവധി ആളുകള്‍ക്ക് ഞാന്‍ പറയുന്നത് പോലെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സാമ്പത്തികമായ പരാധീനതകള്‍ ഉണ്ടെന്ന് എനിക്കറിയാം. ജീവനാണോ ജീവിതമാണോ പ്രധാനമെന്ന് ചിന്തിക്കേണ്ടി വരുന്നത് എളുപ്പമല്ല. ആദ്യം ഇത് ജീവിതമാണെന്ന് തോന്നും, പിന്നെ പ്രശ്‌നം ഏറെ വഷളാകുമ്പോള്‍ ജീവനാണെന്ന് മനസ്സിലാകും, അത് തിരിച്ചു കിട്ടി എന്ന് തോന്നുമ്പോള്‍ ജീവിതമാണ് വലുത് എന്ന് തോന്നും. സര്‍ക്കാര്‍ ഇക്കാര്യം ചിന്തിച്ചാണ് തീരുമാനം എടുക്കുന്നത്. അത് അനുസരിക്കുക.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇതൊരു മാരത്തോണ്‍ ആണ്, നമുക്ക് ക്ഷീണം ഒക്കെ ഉണ്ടാകുമെങ്കിലും വിശ്രമിക്കാന്‍ ഉള്ള സാഹചര്യമല്ല. ഓടി തീര്‍ത്തേ പറ്റൂ.

ഒന്നാമത്തെ ലോക്ക് ഡൌണ്‍ കാലത്ത് എങ്ങനെയാണ് ലോക്ക് ഡൗണിനെ നേരിടേണ്ടത് എന്നൊക്കെ ഞാന്‍ ഏറെ എഴുതിയിരുന്നു. നിങ്ങള്‍ക്ക് ഇനി അതിന്റെ ഒന്നും ആവശ്യമില്ല. മൂന്നു മാസം ലോക്ക് ഡൗണില്‍ ഇരുന്നവര്‍ക്ക് ഇനി വരുന്നതൊക്കെ പരിചിതമാണ്. അത് സര്‍ക്കാര്‍ പറഞ്ഞതിന് ശേഷം നമ്മള്‍ തുടങ്ങണോ, വ്യക്തിപരമായി തുടങ്ങണോ എന്നത് നിങ്ങളുടെ സാഹചര്യം അനുസരിച്ച് ചിന്തിച്ചാല്‍ മതി.

സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker