FeaturedHome-bannerInternationalNews

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു, 30 വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു . ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാഷ്ട്രമായ സൗദി അറേബ്യയും രണ്ടാമത്തെ രാജ്യമായ റഷ്യയും തമ്മില്‍ എണ്ണ ഉല്പാദന അളവ് നിശ്ചയിക്കുന്നതിനെ ചൊല്ലിയുണ്ടായ ഭിന്നതയാണ് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയാന്‍ കാരണമായത്. പിന്നാലെ വില കുറയ്ക്കാനും ഏപ്രില്‍ മുതല്‍ ഉല്പാദനം കൂട്ടാനും സൗദി അറേബ്യ പ്രഖ്യാപിക്കുകയായിരുന്നു. ലോകത്തെ നിര്‍ണായകമായ രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ് എണ്ണ വിപണിയിലെ സംഭവവികാസങ്ങള്‍.

1991ലെ ഗള്‍ഫ് യുദ്ധകാലത്താണ് ക്രൂഡോയിലിന് ഇത്രയും വിലത്തകര്‍ച്ചയുണ്ടായത്. ബാരലിന് 31.02 ഡോളറാണ് ഇന്നലെ ബ്രന്റ് ക്രൂഡോയില്‍ വില

പെട്രോളിയം ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കും റഷ്യയും തമ്മില്‍ 2016 മുതല്‍ ഉണ്ടായിരുന്നു ധാരണ ഇതോടെ ഇല്ലാതായി. ആ സഖ്യവും അവസാനിച്ചു. വിലയും ഉല്പാദനവും നിയന്ത്രിച്ച് ഇവരാണ് ആഗോള എണ്ണ വില നിശ്ചയിച്ചിരുന്നത്. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഇനി അവര്‍ക്കിഷ്ടമുള്ള പോലെ എണ്ണവ്യാപാരം നടത്താമെന്ന് റഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്.

എണ്ണ ഉല്പാദനം കുറയ്ക്കണമെന്ന് ഒപ്പെക്ക് നിര്‍ദേശം റഷ്യ അംഗീകരിക്കാതിരുന്നതാണ് ഭിന്നതയ്ക്ക് കാരണം. പിന്നാലെ ഏപ്രില്‍ മുതല്‍ ദിവസം പത്ത് ദശലക്ഷം ബാരലിന് മുകളില്‍ എണ്ണ ഉല്പാദിപ്പിക്കുമെന്ന് സൗദിയും പ്രഖ്യാപിച്ചു.

അതേസമയം, എണ്ണവില തകര്‍ച്ച ഒരര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇന്ത്യയെ സാമ്പത്തികമായി കരകയറ്റാന്‍ വിലയിടിവ് സഹായിക്കും. ഇന്ത്യയുടെ ഇറക്കുമതി ചെലവിന്റെ നല്ലൊരു പങ്ക് പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വേണ്ടിയാണ്. 11,200 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതിയാണ് ഇന്ത്യ ഈ വര്‍ഷം നടത്താനിരുന്നത്. ക്രൂഡോയില്‍ വില ബാരലിന് ശരാശരി 30 ഡോളറില്‍ തുടര്‍ന്നാല്‍ പകുതിയോളം തുക ഇന്ത്യയ്ക്ക് ലാഭിക്കാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button