കോഴിക്കോട്: നല്ലളം പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്സോ (POCSO Case) കേസ് പ്രതി ജിഷ്ണു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. ഉയരത്തിൽ നിന്നും വീണതിനെ തുടർന്നുണ്ടായ പരിക്കാണ് മരണ കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയിൽ തല കല്ലിൽ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തറച്ചതും മരണകാരണമായതായും മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിർണായക വിവരങ്ങയടങ്ങിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച്.
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനെ രണ്ടാഴ്ച മുമ്പാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൽപറ്റയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ച എത്തിയതിന് പുറകെയാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബാംഗങ്ങൾ പരാതി നൽകിയിരുന്നു.
നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്. അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാരാണ് അത്യാസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിഷ്ണുവിനെതിരെ കൽപ്പറ്റ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു കേസ്. മുണ്ടേരി ടൗണിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ കൽപ്പറ്റ പൊലീസ്, നല്ലളം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജിഷ്മുവിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം.