‘തെറ്റുപറ്റിപ്പോയി, നാറ്റിക്കരുത്’ പണം വാഗ്ദാനം ചെയ്തും പ്രതി; തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് വനിത ജീവനക്കാരി; സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണാക തെളിവ് പുറത്ത്

കല്‍പ്പറ്റ: സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ രാത്രി ഡ്യൂട്ടിക്കിടെ റൂമില്‍ കയറി വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റം സമ്മതിച്ചുകൊണ്ടുള്ള പ്രതിയുടെ സംഭാഷണം പുറത്ത്. പ്രതിയായ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍ പരാതിക്കാരിയുമായി സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ രതീഷ് കുമാര്‍ യുവതിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് സംഭാഷണത്തില്‍ ഉള്ളത്.

സെപ്റ്റംബര്‍ ഒന്നിന് രാത്രി ഡ്യൂട്ടിക്കിടെ റൂമില്‍ കയറി രതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോയ രതീഷ് മടങ്ങിയെത്തിയാണ് പീഡനശ്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനത്തെ ചെറുത്ത വനിതാ ബിഎഫ്ഒ പുറത്തേക്ക് ഇറങ്ങി ഓടി. പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തിരുന്നു. രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയതായും വകുപ്പ് തല അന്വേഷണം നടന്നു വരികയാണന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ അറിയിച്ചിരുന്നു.

തെറ്റുപറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പറയുന്നുണ്ട്. പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിച്ചു. കേസില്‍ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭാഷണം പുറത്തുവന്നത്. കേസില്‍ നിര്‍ണായക തെളിവായി ഇതിനെ കണക്കാക്കുന്നു.

വനിതാ ബീറ്റ് ഓഫിസര്‍ നല്‍കിയ പരാതിയില്‍ വകുപ്പുതല നടപടിക്കു മുന്നോടിയായി അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയതായി വനംമന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചിരുന്നു. അതേസമയം ഒരു വനിതാ ഫോറസ്റ്റ് ഓഫിസറെ മാത്രം രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഇതൊടൊപ്പം ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News