KeralaNews

കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്‌;പ്രൗഢ ഗംഭീരം

ലണ്ടന്‍: ഏഴു പതിറ്റാണ്ടിന് ശേഷം പ്രൗഢ ഗംഭീരമായ പട്ടാഭിഷേകത്തിന് സാക്ഷിയായി ലോകം. ബ്രിട്ടന്റെ പരമാധികാരിയായി ചാള്‍സ് മൂന്നാമന്‍ കിരീടംചൂടി അധികാരമേറ്റു. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ നടന്ന ചടങ്ങില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലാണ് ചാള്‍സ് മൂന്നാമനെ കിരീടം അണിയിച്ചത്. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു. കിരീട ധാരണ ചടങ്ങുകള്‍ക്ക് ശേഷം ബക്കിങ്ങാം കൊട്ടാരത്തില്‍ തിരിച്ചെത്തിയ ചാള്‍സും കാമിലയും ജനങ്ങളെ അഭിവാദ്യം ചെയ്തു.

വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ കിരീടമണിയുന്ന നാല്‍പതാം പരമാധികാരിയാണ്‌ ചാള്‍സ് മൂന്നാമന്‍ രാജാവ്. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു. അതു നേരില്‍ക്കണ്ടവരില്‍ വളരെക്കുറച്ചാളുകളേ ഇന്ന് ബ്രിട്ടനില്‍ ജീവിച്ചിരിക്കുന്നുണ്ടാവൂ.

1661-ല്‍ നിര്‍മിച്ച ‘സെയ്ന്റ് എഡ്വേഡ് ക്രൗണ്‍’ എന്ന രാജകിരീടമാണ് ചടങ്ങില്‍ ചാള്‍സ് മൂന്നാമന്‍ ധരിച്ചത്. ഏകദേശം 2.2 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച കിരീടമാണിത്. ചാള്‍സ് രണ്ടാമന്‍ രാജാവ് മുതല്‍ എല്ലാ ബ്രിട്ടീഷ് ചക്രവര്‍ത്തിമാരും ഈ കിരീടം ഉപയോഗിച്ചുവരുന്നുണ്ട്. എഡ്വേഡ് രാജാവിന്റെ കിരീടധാരണത്തിനായി 1300-ല്‍ നിര്‍മിച്ച സിംഹാസനമാണ് ചടങ്ങില്‍ ഉപയോഗിച്ചത്. ‘വിധിയുടെ കല്ല്’ അഥവാ ‘സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി’ എന്ന കല്ലുപതിച്ച ഈ സിംഹാസനം ഓക്കുതടിയിൽ നിർമിച്ചതാണ്. സ്‌കോട്ട്ലന്‍ഡ് രാജവംശത്തില്‍നിന്ന് എഡ്വേഡ് ഒന്നാമന്‍ സ്വന്തമാക്കിയ കല്ലാണ് ‘സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി’.

ചടങ്ങിനായി ബക്കിങാം കൊട്ടാരത്തില്‍ നിന്ന് വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലേക്ക്‌ ചാരനിറത്തിലുള്ള ആറ് വിന്‍ഡ്സര്‍ കുതിരകള്‍ വലിക്കുന്ന ‘ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്’ എന്ന സ്വര്‍ണത്തേരിലായിരുന്നു ചാൾസിന്റെ രാജകീയയാത്ര. അംഗരക്ഷകരും കാലാള്‍പ്പടയും രാജാവിനെ അനുഗമിച്ചു. കൊട്ടാരത്തില്‍ നിന്ന് വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലേക്കുള്ള വഴിയില്‍ പൊതുജനങ്ങള്‍ക്ക് രണ്ട് ഇടങ്ങളിലായി നിന്ന് ഘോഷയാത്ര കാണാനുള്ള അവസരം ഒരുക്കിയിരുന്നു.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 2000-ത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button