FootballNewsSports

ബെല്‍ജിയത്തെ സമനിലയില്‍ കുരുക്കി ക്രൊയേഷ്യ,കാനഡയെ തകര്‍ത്ത് മൊറോക്കോയും പ്രീക്വാര്‍ട്ടറില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

ഹക്കീം സിയെച്ചും യൂസഫ് എന്‍ നെസിരിയും മൊറോക്കോയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ 40-ാം മിനിറ്റില്‍ മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്റെ സെല്‍ഫ് ഗോള്‍ കാനഡയുടെ അക്കൗണ്ടിലെത്തി.

ആശ്വാസ ജയം തേടിയെത്തിയ കാനഡയ്‌ക്കെതിരേ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്താന്‍ മൊറോക്കോയ്ക്കായി. നാലാം മിനിറ്റില്‍ തന്നെ കാനഡയുടെ പ്രതിരോധ പിഴവില്‍ നിന്ന് മൊറോക്കോ ആദ്യ ഗോളും നേടി. കാനഡ ഗോള്‍കീപ്പര്‍ ബോര്‍യാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. ഈ പന്ത് പിടിച്ചെടുക്കാന്‍ കാനഡ താരം എത്തിയതോടെ ഓടിയെത്തിയ ബോര്‍ഹാന് അത് കൃത്യമായി ക്ലിയര്‍ ചെയ്യാനായില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്‌സിന് പുറത്ത് നിന്ന് പന്ത് ബോര്‍ഹാന്റെ തലയ്ക്ക് മുകളിലൂടെ ലോഫ്റ്റ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരിയിലൂടെ മൊറോക്കോ രണ്ടാമതും വലകുലുക്കി. കനേഡിയന്‍ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി ഹക്കീം സിയെച്ച് നല്‍കിയ ഒരു ലോങ് പാസാണ് ഗോളിന് വഴിവെച്ചത്. പാസ് കൃത്യമായി പിടിച്ചെടുത്ത നെസിരി, രണ്ട് കനേഡിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്ന് ബോര്‍യാന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.

എന്നാല്‍ 40-ാം മിനിറ്റില്‍ കാനഡയുടെ ഒരു മുന്നേറ്റം മൊറോക്കോയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് കാനഡ വിങ് ബാക്ക് സാം അഡെകുഗ്‌ബെയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. താരത്തിന്റെ ക്രോസ് തടയാനുള്ള മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്റെ ശ്രമം പാളി. അഗ്വേര്‍ഡിന്റെ വലതുകാലില്‍ തട്ടി പന്ത് വലയില്‍. ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോ പന്ത് തടയാന്‍ ശ്രമിച്ചെങ്കില്‍ ഗ്ലൗസില്‍ മുട്ടിയുരുമ്മി പന്ത് വലയില്‍ കയറുകയായിരുന്നു.

പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സിയെച്ചിന്റെ ക്രോസില്‍ നിന്ന് നെസിരി ഒരിക്കല്‍ കൂടി പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്‌സൈഡായി.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി കാനഡ കിണഞ്ഞ് ശ്രമിച്ചെങ്കിലും പലപ്പോഴും നിര്‍ഭാഗ്യം അവരെ വേട്ടയാടി. 71-ാം മിനിറ്റില്‍ ഹോയ്‌ലെറ്റിന്റെ ക്രോസില്‍ നിന്നുള്ള ഹച്ചിന്‍സന്റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് ഗോള്‍ലൈനില്‍ തട്ടിയെങ്കിലും പന്ത് ലൈന്‍ കടക്കാതിരുന്നതിനാല്‍ ഗോള്‍ നഷ്ടമാകുകയായിരുന്നു.

ഖത്തർ ലോകകപ്പിൽ ഏറ്റവും കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായ ബെൽജിയത്തിന്, ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തോറ്റ് കണ്ണീരോടെ മടക്കം. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യയോടു ഗോൾരഹിത സമനില വഴങ്ങിയാണ് ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായത്. രണ്ടാം പകുതിയിൽ ലഭിച്ച ഒട്ടേറെ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കിയാണ് ബെൽജിയം ഖത്തറിൽനിന്ന് മടങ്ങുന്നത്. ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ മൊറോക്കോ കാനഡയെ തോൽപ്പിച്ചതും ബെൽജിയത്തിന് വിനയായി.

കാനഡയ്‌ക്കെതിരായ വിജയത്തോടെ മൂന്നു കളികളിൽനിന്ന് ഏഴു പോയിന്റുമായി ക്രൊയേഷ്യയും ബെൽജിയവും ഉൾപ്പെടുന്ന ഗ്രൂപ്പിൽ മൊറോക്കോ ചാംപ്യൻമാരായി. കഴിഞ്ഞ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെയാണ് പ്രീക്വാർട്ടറിൽ കടന്നത്.

പ്രീക്വാർട്ടറിലേക്കു മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ബെൽജിയം അതിനൊത്ത പ്രകടനം പുറത്തെടുത്തത് രണ്ടാം പകുതിയിൽ മാത്രം. ആദ്യ പകുതിയിൽ ലക്ഷ്യബോധമില്ലാതെ കളിച്ച ബെൽജിയം, രണ്ടാം പകുതിയിൽ റൊമേലു ലുക്കാകു ഉൾപ്പെടെയുള്ളവർ കളത്തിലെത്തിയതോടെ ഉഷാറായതാണ്. പക്ഷേ പോസ്റ്റിനു മുന്നിൽ ലഭിച്ച സുവർണാവസരങ്ങൾ ലുക്കാകു അവിശ്വസനീയമായി നഷ്ടമാക്കിയത് ബെൽജിയത്തിന് തിരിച്ചടിയായി. ലുക്കാകുവിന്റെ ഒരു ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതും ഇന്ന് അവരുടെ ദിനമല്ലെന്ന് ഉറപ്പിച്ചു.

അപകടമൊഴിവാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ചുനിന്ന് ക്രൊയേഷ്യ. ഒഴുക്കോടെ കളിച്ച് മികച്ച മുന്നറ്റങ്ങൾ സംഘടിപ്പിച്ച ക്രൊയേഷ്യയ്ക്ക് ആദ്യപകുതിയിൽ ലക്ഷ്യം കാണാനാകാതെ പോയത് ബെൽജിയത്തിന്റെ ഭാഗ്യം. 15–ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി റഫറി അനുവദിച്ച പെനൽറ്റി, പിന്നീട് ‘വാറി’ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ നിഷേധിക്കപ്പെട്ടതും അവർക്ക് ഭാഗ്യമായി.

മത്സരത്തിന്റെ 15–ാം മിനിറ്റിലാണ് ‌റഫറി പെനൽറ്റി അനുവദിച്ചത്. ക്രൊയേഷ്യയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്തത് ലൂക്കാ മോഡ്രിച്ച്. ബോക്സിലേക്കെത്തിയ പന്തിനായുള്ള പോരാട്ടത്തിനിടെ ക്രമാരിച്ചിനെ കാരസ്കോ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. ക്രൊയേഷ്യയ്ക്കായി മോഡ്രിച്ച് പെനൽറ്റി എടുക്കാൻ തയാറായി നിൽക്കെ ‘വാർ’ ഇടപെട്ടു. റഫറിയുടെ പരിശോധനയിൽ ഫ്രീകിക്കെടുക്കുമ്പോൾ ലോവ്‌റെൻ ചെറിയ തോതിൽ ഓഫ്സൈഡായിരുന്നുവെന്ന് വ്യക്തമായതോടെ പെനൽറ്റി നിഷേധിക്കപ്പെട്ടു. മോഡ്രിച്ചും സംഘവും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

സമനില നേടിയാലും പ്രീക്വാർട്ടർ ഉറപ്പുള്ള ക്രൊയേഷ്യയാണ് നിർണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ കൂടുതൽ ലക്ഷ്യബോധത്തോടെ കളിച്ചത്. ഈ ലോകകപ്പിൽ പൊതുവെ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത ബെൽജിയം, ക്രൊയേഷ്യയ്‌ക്കെതിരെയും മങ്ങിക്കളിക്കുന്നതാണ് ആദ്യപകുതിയിൽ കണ്ടത്. കഴിഞ്ഞ മത്സരത്തിൽ മൊറോക്കോയോടു തോറ്റ ടീമിൽ നാലു മാറ്റങ്ങൾ വരുത്തിയെങ്കിലും, ആദ്യപകുതിയിലെ കളിയിൽ അതു കാര്യമായ വ്യത്യാസമുണ്ടാക്കിയില്ല. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ കാനഡയ്‌ക്കെതിരെ വിജയം നേടിയ അതേ ടീമിനെ നിലനിർത്തിയാണ് ക്രൊയേഷ്യ ബെൽജിയത്തെ നേരിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button