മുംബൈ:ഓസ്ട്രേലിയക്ക് എതിരായ ലോകകപ്പ് ഫൈനൽ തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാര്യമായി ബാധിച്ചു കഴിഞ്ഞു. തോൽവിക്ക് പിന്നാലെ ഫൈനലിലെ താരങ്ങളുടെ പ്രകടനത്തെ ചൊല്ലി വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ കെഎൽ രാഹുലിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം ഷോയിബ് മാലിക് രംഗത്ത് വന്നിരിക്കുകയാണ്.
അഹമ്മദാബാദിൽ കരുത്തരായ ഓസ്ട്രേലിയക്ക് എതിരെ വമ്പൻ ടോട്ടൽ ഉയർത്താൻ ബാധ്യസ്ഥരായ രാഹുൽ അടക്കമുള്ള മധ്യനിര പാടേ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചത്. സ്ലോ പിച്ച് ആയിരുന്നെങ്കിൽ കൂടി 107 പന്തിൽ 66 റൺസെടുത്ത രാഹുലിന്റെ ഇന്നിംഗ്സ് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്.
കെഎൽ രാഹുൽ 50 ഓവറും ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്. അവൻ അത് ചെയ്യാൻ പാടില്ലായിരുന്നു, അവന്റെ ചുമതല നിർവഹിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. നിങ്ങൾ കഠിനമായ സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുമ്പോൾ ബൗണ്ടറികൾ എളുപ്പത്തിൽ വരുന്നില്ലെങ്കിൽ, കുറഞ്ഞത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനെങ്കിലും ശ്രമിക്കേണ്ടതാണ്. എന്നാൽ അത് സംഭവിച്ചില്ല, ധാരാളം ഡോട്ട് ബോളുകൾ ഉണ്ടായിരുന്നു’ എ സ്പോർട്സിലെ ചാറ്റ് ഷോയിൽ സംസാരിക്കവെ ഷോയിബ് മാലിക് പറഞ്ഞു.
ഗ്രൗണ്ടിന്റെ വലുപ്പം മനസിലാക്കി കളിച്ച ഓസ്ട്രേലിയൻ താരങ്ങളെ പുകഴ്ത്തിയ മാലിക്, ഇന്ത്യൻ ബാറ്റർമാർക്ക് നേരെ അവരുടെ ബൗളർമാർ പുലർത്തിയ കണിശതയും എടുത്ത് പറഞ്ഞു. “ഈ മത്സരം നടന്ന വേദി വശങ്ങളിൽ നീളമുള്ള ബൗണ്ടറി ലൈനുകൾ ഉള്ളതായിരുന്നു. ഓസ്ട്രേലിയൻ താരങ്ങൾ ഈ സാഹചര്യം നന്നായി മുതലെടുത്തു. ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യൻ സാഹചര്യങ്ങളെ ഇന്ത്യക്കാരെക്കാൾ നന്നായി വിലയിരുത്തുകയും, അതിനനുസരിച്ച് പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു” ഷോയിബ് മാലിക് കൂട്ടിച്ചേർത്തു.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളിയിരുന്നു. ഓപ്പണർ ശുഭ്മാൻ പരാജയപ്പെട്ടതോടെ രോഹിത് ശർമ്മയ്ക്ക് ഒറ്റയ്ക്ക് ഭാരം ചുമക്കേണ്ട ഗതികേടായിരുന്നു. ഇതോടെ സമ്മർദ്ദത്തിലായ താരം നീണ്ട ഇന്നിങ്സ് കളിക്കുന്നതിന് മുൻപ് തന്നെ പുറത്തായി. പിന്നാലെ വന്ന കോഹ്ലി വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെഎൽ രാഹുൽ ക്രീസിലെത്തുന്നത്.
സാമാന്യം മെച്ചപ്പെട്ട റൺ റേറ്റുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ഇന്ത്യയുടെ സ്കോർ കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാഹുൽ മെല്ലെപ്പോക്ക് തുടർന്നതോടെ കോഹ്ലിയും സമ്മർദ്ദത്തിലായി. പിന്നാലെ വന്ന താരങ്ങളും മൊമന്റം കണ്ടെത്താൻ പാടുപെട്ടതോടെ ഇന്ത്യൻ ഇന്നിംഗ്സിന്റെ പതനം പൂർണമായി.
ഇതോടെ ലോക കിരീടം മോഹിച്ചെത്തിയ ഇന്ത്യയ്ക്ക് തോൽവിയുമായി മടങ്ങേണ്ട അവസ്ഥ കൈവരുകയായിരുന്നു. ഓസ്ട്രേലിയൻ ഇന്നിംഗ്സ് ആരംഭിച്ചതിന് പിന്നാലെ ഷമിയും, ബുമ്രയും പരമാവധി സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചെങ്കിലും അവരെ വീഴ്ത്താൻ അതൊന്നും പര്യാപ്തമായില്ല. ഒടുവിൽ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ ബലത്തിൽ മത്സരവും ആറാം ലോക കിരീടവും നേടിയാണ് ഓസ്ട്രേലിയ മൈതാനം വിട്ടത്.