കൊച്ചി:മലയാളികളുടെ ഇഷ്ടതാരമാണ് നടിയും നർത്തകിയുമായ താരാകല്യാൺ. സിനിമകളിലും സീരിയലുകളിലും നൃത്തവേദികളിലും സജീവമായിരുന്ന താരം അടുത്തിടെ പങ്കെടുത്ത പരിപാടിയിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്നും എല്ലാവർക്കും ജീവിതത്തിൽ ചോയ്സ് ഉണ്ടാകണമെന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ. ഇതോടെ സോഷ്യൽമീഡിയയിൽ താരാകല്യാണിനെ തേടിയെത്തിയത് വലിയ വിമർശനങ്ങളാണ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
‘ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത വാക്കുകൾ, അത്രയും കാലം ഭാര്യക്കും മകൾക്കും വേണ്ടി ജീവിച്ചിട്ട് ഭർത്താവ് മരിച്ചപ്പോൾ ഇങ്ങനെ പറയുന്നത് ശരിയല്ല, അപ്പോൾ നിങ്ങൾ പറയുന്നത് എല്ലാവരും വിധവകളാകണം എന്നാണോ’ എന്ന് തുടങ്ങി നിരവധി വിമർശനങ്ങളുയരുന്നുണ്ട്. അതേസമയം, സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണമെന്നും സ്വാതന്ത്യത്തോടെ ആസ്വദിച്ച് ജീവിക്കണമെന്നാണ് താരാ കല്യാൺ വ്യക്തമാക്കിയതെന്നാണ് താരത്തെ അനുകൂലിക്കുന്നവരുടെ വാദം.
ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നതിനിടയിൽ അവരവർക്ക് വേണ്ടി ജീവിക്കാൻ മറക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധിയാണ് താരാകല്യാൺ. അതാണ് അവർ പറഞ്ഞത്. അതിനെ വളച്ചൊടിച്ച് കരിവാരിത്തേക്കേണ്ട ആവശ്യമില്ല എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
താരാകല്യാണിന്റെ വിമർശനത്തിനാസ്പദമായ വാക്കുകൾ
‘ഞാൻ എന്റെ മകളുടെ അച്ഛൻ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം. ഇങ്ങനെ പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ. പക്ഷേ ലൈഫിൽ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതിൽ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറേ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്, ജീവിതം ഓടി തീർത്തു.
ഇപ്പോൾ ഒരു ആറ് വർഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാൻ നിക്കണ്ട, ഓരോരുത്തർക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവർക്കും അവരുടെ ജീവിതത്തിൽ ഒരു ചോയിസ് ആവശ്യമാണ്’- താരാകല്യാൺ പറഞ്ഞു.