മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ ആധിപത്യത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മാത്രം പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതാരം തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലെത്തി.
ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ് പോലും 17 അംഗ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ശ്രേയസ് അയ്യരും കെ എല് രാഹുലും തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സുര്യകുമാറിന് ഇടമുണ്ടാകില്ലെങ്കിലും സൂര്യയെ 17 അംഗ ടീമില്‍ നിലനിര്‍ത്തിയതും ആരാധകരെ ചൊടിപ്പിച്ചു. തിലക് വര്‍മക്കും സൂര്യകുമാറിനും പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുമ്ര എന്നിവരാണ് മുംബൈയുടെ താരങ്ങളായി ഏഷ്യാ കപ്പിനുള്ള ടീമിലെത്തിയത്. ശ്രേയസ് അയ്യരും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമാണ്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുംബൈയുടെ താരമായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്നത് മുംബൈ ലോബിയാണെന്നും അതുകൊണ്ടാണ് ഇത്രയും മുംബൈ താരങ്ങള്‍ ഇന്ത്യന്‍ ടീമിലിടം നേടിയതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സഞ്ജുവിനെപ്പോലെ പേസര്‍മാരായ മുകേഷ് കുമാര്‍,അര്‍ഷ്ധീപ് സിംഗ്, സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെല്ലാം പുറത്തായത് മുംബൈ ലോബിയുടെ ആധിപത്യത്തിന് തെളിവാണെന്നും ആരാധകര്‍ പറയുന്നു.
ബിസിസിഐ പ്രസിഡന്‍റ് ജയ് ഷായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അഝിത് അഗാര്‍ക്കറും ചേര്‍ന്ന് തങ്ങളുടെ ഇഷ്ടക്കാരെ മാത്രം ടീമില്‍ കുത്തിനിറച്ചപ്പോള്‍ സഞ്ജു അടക്കം അര്‍ഹരായ പലതാരങ്ങളും ടീമില്‍ നിന്ന് പുറത്തായെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇഷാന്‍ കിഷന്‍ ടീമിന് വലിയ ബാധ്യതയാകുമെന്നും ഓപ്പണറായി മാത്രമെ കിഷനെ കളിപ്പിക്കാന്‍ കഴിയൂവെന്നും ചൂണ്ടിക്കാട്ടുന്ന ആരാധകര്‍ അങ്ങനെ കളിച്ചാല്‍ വിരാട് കോലിക്ക് ബാറ്റിംഗ് ക്രമത്തില്‍ താഴേക്കിറങ്ങേണ്ടിവരുമെന്നും വ്യക്തമാക്കുന്നു.
സഞ്ജുവിനെ ആയിരുന്നു ടീമിലെടുത്തത് എങ്കില്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമായിരുന്നുവെന്നും പക്ഷെ അങ്ങനെ ചെയ്താല്‍ അവര്‍ക്ക് മുംബൈ ലോബിയെ തൃപ്തിപ്പെടുത്താനാവില്ലെന്നും അവര്‍ പറയുന്നു. പ്രകടനമല്ല, കോച്ചിന്‍റെയോ ക്യാപ്റ്റന്‍റെയോ ഇഷ്ടക്കാരാവുകയും ലോബിയിംഗുമാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള വഴികളെന്നും ആരാധകര്‍ പറയുന്നു.