ദുബായ്: നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ 41 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 127 റൺസിന് പുറത്തായി. അതോടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. വിജയിച്ചെങ്കിലും ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ബാറ്റിങ് ഓർഡറിനെ വിമർശിച്ച് ആരാധകർ രംഗത്തെത്തി. മലയാളി താരം സഞ്ജു സാംസണിനെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ബാറ്റിങ്ങിനിറക്കാത്തത് പലരും ചൂണ്ടിക്കാട്ടി.
നിശ്ചിത 20 ഓവറില്‍ 168 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചതെങ്കിലും അത് മുതലാക്കാന്‍ മധ്യനിരയിലെ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. അഭിഷേകിന്റെ അര്‍ധസെഞ്ചുറി തുടക്കത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. എന്നാല്‍ പിന്നീട് സ്‌കോറുയര്‍ത്താനാവാതെ വന്നതോടെ ടീം പ്രതിരോധത്തിലായി.
ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഒട്ടുമിക്ക ആരാധകരും. കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട ബാറ്റിങ് ഓര്‍ഡര്‍ പാടെ ഉപേക്ഷിച്ച് പുതിയ പരീക്ഷണത്തിന് ഇന്ത്യ മുതിരുന്നതാണ് ദുബായില്‍ കണ്ടത്. അഭിഷേകിന്റെയും ഗില്ലിന്റെയും ഓപ്പണിങ്ങിന് ശേഷം പിന്നീട് ബാറ്റ് ചെയ്യാനിറങ്ങിയത് ശിവം ദുബെ ആയിരുന്നു. വണ്‍ഡൗണായി ദുബെയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ദയനീയമായി താരം പരാജയപ്പെട്ടു. മൂന്ന് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
പിന്നീട് കളത്തിലിറങ്ങിയതാകട്ടെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ്. അഞ്ച് റണ്‍സ് മാത്രമെടുത്ത് സൂര്യ മടങ്ങി. തിലക് വര്‍മയെ ഇറക്കാതെ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനായി പിന്നീട് ബാറ്റ് ചെയ്തത്. നാല് വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ബാറ്റുചെയ്ത തിലകിനാകട്ടെ ഏഴുപന്തില്‍ നിന്ന് അഞ്ച് റണ്‍സാണ് നേടാനായത്. തിലക് പുറത്തായിട്ടും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ബാറ്റ് ചെയ്യാന്‍ ഇറക്കിയില്ല. പകരം അക്ഷര്‍ പട്ടേലാണ് ക്രീസിലിറങ്ങിയത്. അക്ഷറാകട്ടെ തീര്‍ത്തും നിരാശപ്പെടുത്തി. 15 പന്ത് നേരിട്ട താരം 10 റണ്‍സ് മാത്രമാണെടുത്തത്.
വൺഡൗണായി മികച്ച പ്രകടനം പലയാവർത്തി കാഴ്ചവെച്ചിട്ടുള്ള താരമാണ് സഞ്ജു. എന്നിട്ടും സഞ്ജുവിനെ ഇറക്കാതെ ദുബെയെ ബാറ്റിങ്ങിനിറക്കിയുള്ള പരീക്ഷണമാണ് നടത്തിയത്. ഇത് പാളുകയും ചെയ്തു. ഒമാനെതിരേ വൺഡൗണായി കളിച്ച് അർധസെഞ്ചുറി നേടിയിട്ടുണ്ട് താരം. എന്നിട്ടും താരത്തെ അവഗണിച്ചത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.


