26.2 C
Kottayam
Wednesday, April 17, 2024

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

Must read

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം.

180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.

അയർലൻഡിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ചരിത്രത്തിലേക്കുള്ള ഗോളുകൾ പിറന്നത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോർച്ചുഗലിനായി 89-ാം മിനിട്ടിൽ റൊണാൾഡോ സമനില ഗോൾ നേടി. മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് താരം പറങ്കികൾക്കായി വലകുലുക്കിയത്. പിന്നാലെ മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ വീണ്ടുമൊരു ഹെഡ്ഡർ കൂടി സമ്മാനിച്ച് റൊണാൾഡോ അവിശ്വസനീയമായ വിജയം പോർച്ചുഗലിന് സമ്മാനിച്ചു. ഇതോടെ ചരിത്രനേട്ടം താരം സ്വന്തമാക്കി.

2003-ൽ തന്റെ 18-ാം വയസ്സിൽ കസാഖ്സ്താനെതിരേയാണ് റൊണാൾഡോ പോർച്ചുഗലിനായി അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്.

ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ റെക്കോഡിന് ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ നേടിയത്. 31 ഗോളുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്. 19 ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലൂടെ, 14 ഗോളുകൾ യൂറോ കപ്പിലൂടെ, 7 ഗോളുകൾ ലോകകപ്പിലൂടെ. 4 ഗോളുകൾ യുവേഫ നാഷണൽ ലീഗിലൂടെയും, 2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിലൂടെയും താരം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week