ഹൂസ്റ്റൻ:ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിനു പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ അവഗണിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ വാർത്താ സമ്മേളനത്തിൽ ഉയർന്നതോടെയാണ് റൊണാൾഡോ അസ്വസ്ഥനായത്. ചോദ്യത്തോടു മുഖം തിരിച്ച റൊണാൾഡോ, മറ്റൊരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ലോകകപ്പിന്റെ ഏതെങ്കിലും ഘട്ടത്തിൽ അർജന്റീനയെ നേരിടേണ്ടിവന്നാലോ എന്നുള്ള ചോദ്യമുയർന്നപ്പോൾ അതിന് ഉത്തരം അറിയില്ലെന്നായിരുന്നു റൊണാൾഡോയുടെ മറുപടി. ഇത് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത ചോദ്യമാണെന്നും റൊണാൾഡോ വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ റൊണാൾഡോയ്ക്കു ഗോളൊന്നും നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാം പോരാട്ടത്തിൽ ഉസ്ബക്കിസ്ഥാനെതിരെ ഇരട്ട ഗോളുകൾ നേടി പോർച്ചുഗൽ താരം ഗംഭീര തിരിച്ചുവരവ് നടത്തി. ആറ്, 39 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. മത്സരത്തിൽ 5–0നാണ് പോർച്ചുഗൽ വിജയിച്ചത്.
മെസ്സിക്കു പിന്നാലെ റൊണാൾഡോയും ഫോമിലെത്തിയതോടെ, ഇവരിൽ ആരാണ് മികച്ചത് എന്ന തർക്കങ്ങൾ ലോകകപ്പിലും സജീവമാകുകയാണ്. അർജന്റീനയുടെ രണ്ടു മത്സരങ്ങളിൽനിന്ന് അഞ്ച് ഗോളുകളാണ് മെസ്സി ലോകകപ്പിൽ ഇതുവരെ അടിച്ചുകൂട്ടിയത്. ഇതോടെ ഫുട്ബോൾ ലോകകപ്പില്‍ കൂടുതൽ ഗോള്‍ നേടിയ താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലായി. 18 ലോകകപ്പ് ഗോളുകളാണ് മെസ്സി ഇതുവരെ നേടിയത്. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരവും മെസ്സിയാണ്. 28 പോരാട്ടങ്ങളിലാണ് മെസ്സി ഇറങ്ങിയിട്ടുള്ളത്.
Portugal superstar Cristiano Ronaldo ignored journalists’ questions during a post-match press conference in Houston following their World Cup victory against Uzbekistan.


