കാഞ്ഞങ്ങാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി; ഐ വിഭാഗത്തിലെ 38 നേതാക്കൾ രാജിവെച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന-ജില്ലാ നേതൃത്വം എ വിഭാഗത്തിനൊപ്പം നിൽകുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്ടെ കോൺഗ്രസിലെ ഐ വിഭാഗത്തിലെ 38 നേതാക്കൾ ഒരുമിച്ച് സ്ഥാനം രാജിവച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എം. കുഞ്ഞികൃഷ്ണൻ, ബഷീർ ആറങ്ങാടി, രവീന്ദ്രൻ ചേടിറോഡ്, കെ. രാജഗോപാലൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അഡ്വ. ബിജു കൃഷ്ണ, എ. പുരുഷോത്തമൻ, അനിൽ വാഴുന്നോറൊടി, ബ്ലോക്ക് കോൺഗ്രസ് ഖജാൻജി എച്ച്. ഭാസ്കരൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ. ബാബു തുടങ്ങിയവരാണ് സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസിലിന് കൈമാറിയത്.

മുൻ നഗരസഭാധ്യക്ഷൻ വി. ഗോപി, മുൻ ഉപാധ്യക്ഷൻ പ്രഭാകരൻ വാഴുന്നോറൊടി എന്നിവരും പ്രതിഷേധമറിയിച്ചവരുടെ പട്ടികയിലുൾപ്പെടുന്നു. കാഞ്ഞങ്ങാട്ട്‌ നടക്കുന്ന കോൺഗ്രസിന്റെ ഒരു പരിപാടിക്കും എ വിഭാഗക്കാർ പങ്കെടുക്കുന്നില്ലെന്നും പാർട്ടിയുമായി സഹകരിക്കാത്തവരെയാണ് ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക്‌ ഉൾപ്പെടുത്തിയതെന്നുമാണ് രാജിവച്ചവർ ആരോപിക്കുന്നത്. തങ്ങൾ പറയുന്നത് കേൾക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന് രാജിവെച്ചവർ പറയുന്നു. വെള്ളിയാഴ്ചയാണ് ഒടുവിൽ ചർച്ച നടന്നത്. ജില്ലയുടെ ചുമതലയുള്ള മുൻ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കെപിസിസി സെക്രട്ടറി എം. അസൈനാർ എന്നിവർ ഡിസിസി ഓഫീസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു. ഈ ചർച്ചയിലും നേതൃത്വം അനുകൂല തീരുമാനങ്ങൾ കൈക്കൊണ്ടില്ലെന്ന് പറഞ്ഞാണ് ഐ വിഭാഗത്തിന്റെ കൂട്ടരാജി.

കാഞ്ഞങ്ങാട്ടെ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിശോധിച്ച് രമ്യമായി പരിഹരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു. കഴിഞ്ഞദിവസം ഡിസിസി ഓഫീസിൽ കെപിസിസി നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഇങ്ങനെയൊരു പ്രതിഷേധം ഇവരാരും പറഞ്ഞില്ല. ഹൊസ്ദുർഗ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രണ്ടരവർഷം കഴിഞ്ഞ് മാറണമെന്നതിനെക്കുറിച്ച് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചർച്ചചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്തായാലും പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

പാർട്ടി നേതൃത്വം എടുക്കുന്ന തീരുമാനവുമായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് കെപിസിസി സെക്രട്ടറി എം. അസൈനാർ പറഞ്ഞു. ടി.എൻ. പ്രതാപനുൾപ്പെടെയുള്ളവരുമായുള്ള ചർച്ചയിൽ ചില ഫോർമുല മുന്നോട്ടുവെച്ചിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത താനടക്കമുള്ള എല്ലാവരും അത് അംഗീകരിക്കുകയുംചെയ്തതാണ്. പാർട്ടി തീരുമാനിക്കുകയും അത് അംഗീകരിക്കുകയുംചെയ്തശേഷം അതിൽനിന്ന്‌ വ്യതിചലിക്കുന്നത് ശരിയല്ല. ആ തീരുമാനത്തിനൊപ്പംനിന്ന് പർട്ടിക്ക് കരുത്തേകാനുള്ള ശ്രമം ഉണ്ടാകുകയാണ് വേണ്ടതെന്നും അസൈനാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News