കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി: മത്സരത്തിനൊരുങ്ങി കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ വിമതസ്ഥാനാര്‍ത്ഥികള്‍

കട്ടപ്പന: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് സീറ്റ് ചർച്ചകൾ പുരോഗമിക്കുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിച്ച് കെസി വേണുഗോപാൽ പക്ഷം. യുഡിഎഫ് സ്ഥിരമായി വിജയിക്കാറുള്ള 20 സീറ്റുകളിൽ റിബൽ സ്ഥാനാർഥികളായി മത്സരിക്കാനൊരുങ്ങുകയാണ് കെസി പക്ഷം. ഈ നീക്കത്തോടെ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സീറ്റ് ചർച്ച വഴിമുട്ടി. അഞ്ച് സീറ്റുകൾ എങ്കിലും ലഭിക്കണമെന്നാണ് കെസി പക്ഷത്തിന്റെ ആവശ്യം.

നിലവിൽ കെ സി വേണുഗോപാൽ പക്ഷത്തുള്ള നാല് കൗൺസിലർമാരെ ഒഴിവാക്കിയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം ഡിസിസിക്ക് ലിസ്റ്റ് നൽകിയിരിക്കുന്നതെന്നാണ് സൂചന. വാർഡ് കമ്മറ്റി വിളിച്ചുചേർക്കാതെയും ഉപരി കമ്മറ്റിയിൽ ചർച്ച നടത്താതെയുമാണ് ഈ ലിസ്റ്റ് നൽകിയത് എന്നും ആരോപണമുണ്ട്.

നിലവിലെ നാല് കൗൺസിലർമാരുൾപ്പടെ, വർദ്ധിച്ച സീറ്റുകൾക്ക് ആനുപാതികമായി ആറ് സീറ്റുകളാണ് കെ സി വിഭാഗം പ്രാദേശിക നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, പ്രാദേശിക നേതൃത്വം ഈ ആവശ്യം തള്ളിയെന്നാണ് ആരോപണം. ഏതൊക്കെ സീറ്റുകളിലാണ് മത്സരിക്കേണ്ടതെന്നും ആരൊക്കെയാണ് സ്ഥാനാർഥികളെന്നും കെസി പക്ഷം തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ നീക്കങ്ങളുടെ ഭാഗമായി, ഉപ വരണാധികാരിയായ അജി കെ. തോമസിൻ്റെ കൈയ്യിൽ നിന്നും അവർ 20 പത്രികകൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. ചോദിച്ച സീറ്റിൽ അഞ്ച് സീറ്റ് എങ്കിലും നൽകിയില്ലെങ്കിൽ 20 സീറ്റിലും മത്സരിക്കാനുറച്ചാണ് കെസി പക്ഷം മുന്നോട്ട് പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News