കോഴിക്കോട്: ഡിവോഴ്സ് മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവതി ക്രിപ്റ്റോ കറന്‍സി ട്രേഡിങ് നടത്താനെന്ന പേരില്‍ കബളിപ്പിച്ച് 12,30,000 തട്ടിയെടുത്തതായി പരാതി. താമരശ്ശേരി സ്വദേശിയായ നാല്പത്തിയൊന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. യുവാവിന്റെ പരാതിയില്‍ വഞ്ചനക്കുറ്റത്തിനും ഐ.ടി. ആക്ട് 66 ഡി പ്രകാരവും താമരശ്ശേരി പോലീസ് കേസെടുത്തു.
എറണാകുളം സ്വദേശിനി നിത്യ(35) എന്ന് പറഞ്ഞ് ഡിവോഴ്സ് മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവതി തന്നെ വഞ്ചിച്ച് പണം കൈക്കലാക്കിയതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.
ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴി ക്രിപ്റ്റോ കറന്‍സി ഇടപാട് നടത്തി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 21-ന് ആപ്ലിക്കേഷന്‍ ലിങ്ക് അയച്ചുകൊടുത്തു. അത് വഴി ഡെവ്ന്‍കോയിന്‍ എന്നുപേരുള്ള ക്രിപ്റ്റോ കറന്‍സി ട്രേഡിങ് ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസംമുതല്‍ പലതവണകളായി 12,30,000 രൂപ പല അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് കൈവശപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.