കോട്ടയം:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിനേത്തുടര്‍ന്നാണ് റെയ്ഡ്.നടി മഞ്ജു വാര്യരുടേയും ഡിജിപി ബി.സന്ധ്യയുടേയും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഷോണ്‍ ജോര്‍ജ് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്.
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍. എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ചത്.
കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.
ദിലീപിനെ കുരുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് കോടതിയില്‍ വരുത്തി തീര്‍ക്കുന്നതിന് ഷോണ്‍ ആണ് ഇത്തരത്തില്‍ വ്യാജപ്രൊഫൈലുകളുള്ള വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിനായി ഉപയോഗിച്ച ഫോണ്‍ കണ്ടെത്തുകയായിരുന്നു ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡിന്റെ ലക്ഷ്യം. എന്നാല്‍ ക്രൈംബ്രാഞ്ച് പറയുന്ന ഫോണ്‍ 2019-ല്‍ തന്നെ നഷ്ടപ്പെട്ടെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.
‘2019-ല്‍ തന്നെ ഈ ഫോണ്‍ കാണാതെ പോയിട്ടുണ്ട്. കോട്ടയം എസ്പിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയതാണ്. അത് അന്വേഷിച്ച് ഇപ്പോള്‍ ഇവിടെ വന്നിട്ട് കാര്യമുണ്ടോ..വന്ന് വന്ന് ഇപ്പോള്‍ അവര്‍ക്ക് ആവശ്യം ഒന്നാം ക്ലാസില്‍ പഠിക്കുന്ന അമ്മുവിന്റേയും ആറാം ക്ലാസില്‍ പഠിക്കുന്ന അപ്പുവിന്റേയും ടാബ് ആണ്. എന്തൊരു മോശമാണിത്. അവര്‍ക്ക് പരീക്ഷയാണ്. അതാണ് അവരോട് കടുപ്പിച്ച് വര്‍ത്താനം പറഞ്ഞത്.
കുറേ ദിവസമായി എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നു. എന്നെ കിട്ടിയില്ലെങ്കില്‍ എന്റെ മകനെ പിടിക്കാന്‍ നടക്കുന്നു. ഷോണിന്റെ കൈ ഓപ്പറേഷന്‍ ചെയ്തിട്ട് രണ്ടാഴ്ച ആയിട്ടേ ഉള്ളൂ. ഇന്ന് ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാതെ റെയ്ഡ് നടത്തുന്നു’ പി.സി.ജോര്‍ജ് പറഞ്ഞു.
ഷോണ്‍ ആണ് വാട്‌സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് എങ്കില്‍ അവനെതിരെ കേസെടുക്കണമെന്നും താന്‍ ഇത്തരത്തിലുള്ള കള്ള കച്ചവടത്തിനും കൂട്ട് നില്‍ക്കുന്ന ആളല്ലെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
നടിയെ അക്രമിച്ച ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു. ഒരു വാട്‌സാപ്പ് ഗ്രൂപ്പും അതിലെ ചാറ്റുകളും അന്വേഷണത്തിന്റെ പിരിധിയിലായിരുന്നു. ‘ദിലീപിനെ പൂട്ടണം’എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്. ഷോണ്‍ ജോര്‍ജ് ദിലീപിനെ ജയിലിലെത്തി കാണുകയും ചെയ്തിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയുള്ളതായിരുന്നു റെയ്ഡ്.