കൊച്ചി : മുട്ടാര്‍ പുഴയില്‍ 13 കാരി മരണപ്പെട്ട സംഭവവും, പിതാവിന്റെ തിരോധാനവും പരിശോധിയ്ക്കാന്‍ ക്രൈംബ്രാഞ്ച് . സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചത്. ഇതിനിടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ പരിശോധനയും പുരോഗമിക്കുകയാണ്.
മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരണപ്പെട്ട നിലയില്‍ കണ്ടിട്ട് 23 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതുവരെ കേസില്‍ കാര്യമായ വഴിത്തിരിവ് ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുന്നത്. വൈഗയുടെ മരണത്തെക്കുറിച്ചും പിതാവ് സനു മോഹന്റെ നിരോധനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് നിലവിലെ സ്ഥിതി പരിശോധിക്കുന്നത്.
അതേസമയം, ഫ്‌ളാറ്റ് കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ പരിശോധന തുടരുകയാണ്. ഫ്‌ളാറ്റില്‍ നിന്നും കേസിന് നിര്‍ണായകമായ വഴിത്തിരിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുന്‍പ് പലതവണ ഒളിവില്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ സനു മോഹന് ഒളിവില്‍ കഴിയാന്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിന് ഉണ്ട്.