സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

പോലീസുകാരിയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്നു; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് കുറ്റക്കാരൻ

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്. കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു ദിവ്യശ്രീ. കൊഴുമ്മൽ കോട്ടൂർ പെരളത്തെ കെ രാജേഷാണ് പ്രതി. മൂന്ന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്.

മൂന്ന് ജീവപര്യന്തം ശിക്ഷാവിധി അപൂർവമാണ്. മൂന്ന് വകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും ഒരു വകുപ്പിൽ ഏഴ് വർഷം തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ളിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ വാദിച്ചത്.

2024 നവംബർ 21ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഭര്‍ത്താവ് രാജേഷുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യശ്രീ. ഓട്ടോഡ്രൈവറായിരുന്നു രാജേഷ്. സ്വന്തം വീട്ടിലായിരുന്നു ദിവ്യശ്രീ താമസിച്ചിരുന്നത്. സംഭവദിവസം കയ്യില്‍ ആയുധവുമായെത്തിയ രാജേഷ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ദിവ്യശ്രീയുടെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ പിതാവ് വാസുവിനും വെട്ടേറ്റു. കൈയ്ക്കും വയറിനുമാണ് അദ്ദേഹത്തിന് വെട്ടേറ്റത്.

ആക്രമത്തിന് ഇരയായ ദിവ്യശ്രീ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ പ്രതി ആക്രമണത്തിനുശേഷം രക്ഷപ്പെട്ടു. തുടർന്ന് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയും വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവിടെവച്ചാണ് രാജേഷിനെ പിടികൂടിയത്.

രാജേഷിനും ദിവ്യശ്രീക്കും ഒരു കു‌ഞ്ഞുണ്ട്. ദിവ്യയുടേയും രാജേഷിന്റേയും വിവാഹമോചന കേസ് കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. സംഭവദിവസം രാത്രി ശബരിമലയിൽ ഡ്യൂട്ടിക്ക് പോകേണ്ടിതായിരുന്നു ദിവ്യശ്രീ. അന്നു രാവിലെ ദിവ്യശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താത്‌പര്യമില്ലെന്ന് അറിയിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

A court in Kannur has sentenced K. Rajesh to three consecutive life imprisonments and a fine of ₹2 lakh for the brutal murder of his wife, Divyashree. Divyashree was a Civil Police Officer at the Chandera police station in Kasaragod and was hacked to death at her paternal home in Karivellur. The Principal Sessions Court Judge, K.T. Nisar Ahammed, delivered the verdict after finding Rajesh guilty of murder and the attempted murder of Divyashree’s father.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News