ന്യൂഡൽഹി: ബി.ജെ.പിയേയും കോൺഗ്രസിനേയും ഒരുപോലെ ശത്രുക്കളായി കരുതാനാകില്ലെന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. എന്നാൽ, കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന് ഫാസിസ്റ്റ് മുഖമാണ്. കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി ശ്രമങ്ങളെ യു.ഡി.എഫ് സഹായിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ പരാമർശമുണ്ട്.
ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ മുഖ്യശത്രു ബിജെപിയാണെന്ന് സിപിഎം അടിവരയിടുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് ഭീഷണിയായ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന് ഫാസിസ്റ്റ് പ്രവണതയാണ്. ബി.ജെ.പിക്കെതിരേ ജനാധിപത്യ മതേതര പാർട്ടികളുമായി കൈകോർക്കുമെന്ന് പറയുന്ന പ്രമേയം കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ലെന്നും വ്യക്തമാക്കുന്നു.
ഹിന്ദുത്വ – കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും പ്രമേയത്തിൽ പറയുന്നു. സി.പി.എം ചൈനീസ് അനുകൂലമാണെന്ന ചൈനീസ് വിരുദ്ധരുടെ പ്രചരണത്തിൽ ജഗ്രത വേണം. വ്യാജവാർത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിച്ചാണ് ഇത്തരക്കാരുടെ പ്രചാരണം. വിദേശ നയത്തിൽ കേന്ദ്ര സർക്കാരിന് സ്വതന്ത്രമായ നിലപാടില്ല. ഇന്ത്യ അമേരിക്കക്ക് മുന്നിൽ പൂർണമായും കീഴടങ്ങിയെന്നും രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.