തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഐഎം മെഗാ തിരുവാതിരയില്‍ ക്ഷമചോദിച്ച് സംഘാടകസമിതി. തിരുവാതിര നടത്തിയ ദിവസവും അതിലെ ചില വരികളും പലര്‍ക്കും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നതായി നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു. സ്വാഗത സംഘം കണ്‍വീനര്‍ എസ് അജയനാണ് ക്ഷമാപണം നടത്തിയത്.
തൃശൂര്‍ തെക്കുംകരയില്‍ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഐഎം നടത്തിയ തിരുവാതിരക്കെതിരെ കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് പോലീസില്‍ പരാതി നല്‍കി. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.
തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഐഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി.
കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാര്‍ട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് ബാധിച്ചിട്ടും സമ്മേളനം നടത്തിയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സീതീശന്‍. കോവിഡ് വ്യാപനം ഉണ്ടായിട്ടു പോലും സമ്മേളനം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമ്മേളനം കുറച്ചു നാളത്തേക്ക് മാറ്റിവച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ. 250ഓളം ആളുകളെ വച്ച് സമ്മേളനം നടത്തുകയാണ്. 50 പേരില്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടു പോലും സമ്മേളനം നടത്തിയെന്നും സതീശന്‍ വ്യക്തമാക്കി.
സത്യത്തില്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍. തിരുവാതിര നടത്തിയവരാണോ, പാര്‍ട്ടി സമ്മേളനം നടത്തുന്നവരാണോ. അതോ പ്രഖ്യാപിച്ച പരിപാടികള്‍ ഉത്തരവാദിത്വത്തോടെ മാറ്റിവച്ച യുഡിഎഫും കോണ്‍ഗ്രസുമാണോയെന്നും സതീശന്‍ ചോദിച്ചു. ധീരജ് വധക്കേസിലുള്ള കോണ്‍ഗ്രസുകാര്‍ കുറ്റക്കാരാണെങ്കില്‍ സംരക്ഷിക്കില്ല. മറിച്ച് നിരപരാധികളാണെങ്കില്‍ സംരക്ഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. എന്നിട്ട് തീരുമാനിക്കാം. ആറ് പേര്‍ ചേര്‍ന്ന് നൂറ് പേരെ ആക്രമിക്കില്ലല്ലോ. ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞതില്‍ കുറെ കാര്യങ്ങള്‍ പ്രസക്തമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.