ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് ആരോപണം, സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി
ന്യൂഡൽഹി : എൽഡിഎഫ് കൺവീനരും സിപിഎം കേന്ദ്രകമ്മറ്റിയഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് വിവരം തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ചാൽ വിഷയം ചർച്ച ചെയ്യും. ത്രിപുര തെരഞ്ഞെടുപ്പ് ഒരുക്കമാണ് പിബിയുടെ പ്രധാന അജണ്ട. അതിനാൽ വിശദമായ ചർച്ച തല്ക്കാലം ഉണ്ടാവില്ല. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണമെന്നും നേതാക്കൾ സൂചിപ്പിച്ചു.
സംസ്ഥാന ഘടകം ഉന്നയിച്ചാൽ പിബിയിൽ വിഷയം ചർച്ചയായേക്കും. ഇപി ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കും.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാര്‍ട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജന്‍ തുറന്നടിച്ചു. ആധികാരിക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തന്‍റെ ആരോപണമെന്നും പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട പി ജയരാജനോട് പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന്‍ മറുപടി നൽകിയത്.
അതേസമയം തനിക്ക് റിസോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപിയുടെ വിശദീകരണം. താന്‍ വ്യക്തിപരമായി ആരോപണമൊന്നുമുന്നയിച്ചിട്ടില്ലെന്നും ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമായുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ നടന്നതെന്നും പി ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി.
മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി ഉടക്കി നില്‍ക്കുകയാണ്. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍മാര്‍ച്ചില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു.
വിഎസ്- പിണറായി വിഭാഗീയ കാലത്തും ഒന്നാം പിണറായി സര്‍ക്കാരിന‍്‍റെ കാലത്തും ഏറ്റവും പ്രമുഖനായിരുന്ന കണ്ണൂരിലെ ശക്തനായ നേതാവായ ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട് നില്‍ക്കുന്ന സമയത്താണ് അതിഗുരുതര സ്വഭാവമുള്ള ആരോപണം സംസ്ഥാനസമിതിയില്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിരിക്കുന്നത്.