തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സി.പി.എം സ്ഥാനാര്‍ഥികള്‍ പ്രതികളായി കോടതികളില്‍ നിലവിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. സിപിഎമ്മിന്റെ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
39 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ കൂടുതല്‍ കേസുകളുമായി ഒന്നാം സ്ഥാനത്ത് കഴക്കൂട്ടത്തുനിന്നു മല്‍സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകില്‍ നേമം മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന വി. ശിവന്‍കുട്ടിയുമുണ്ട്. 2009 മുതല്‍ വിവിധ സമരങ്ങളില്‍ നയിക്കുകയും നിയമവിരുദ്ധമായി ആള്‍ക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. മിക്ക കേസുകളിലും കുറ്റപത്രംപോലും സമര്‍പ്പിക്കാന്‍ പോലീസ് ധൈര്യപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളുണ്ട്. സുപ്രീം കോടതിയിലുള്ള ലാവ്ലിന്‍ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ടി. നന്ദകുമാര്‍ നല്‍കിയ കേസും. 2013-ല്‍ യുഡിഎഫ് സര്‍ക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ളതാണു മൂന്നാമത്തെ കേസ്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരേയുള്ള അഞ്ച് കേസുകളില്‍ ഒന്നില്‍ ഒമ്പതു മാസം തടവുശിക്ഷ വിധിച്ചിട്ടുള്ളതാണെങ്കിലും അപ്പീലിലാണ്. 2014-ല്‍ തലശേരിയില്‍ നിമയവിരുദ്ധമായി റോഡ് തടഞ്ഞു സമരം നടത്തുകയും പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷിച്ചത്.
കല്യാശേരിയിലെ സ്ഥാനാര്‍ഥി എം. വിജിന്‍, വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ക്കെതിരേ 10 കേസുകളുണ്ട്. എല്ലാം വഴിതടഞ്ഞ് നിയമവിരുദ്ധമായി സമരം നടത്തിയതിനാണ്. തൃത്താലയില്‍നിന്നു മല്‍സരിക്കുന്ന എം.ബി. രാജേഷിനെതിരേ എട്ടു കേസുകള്‍ നിലവിലുണ്ട്. ഇതില്‍ മൂന്നു കേസുകള്‍ പോലീസ് ഓഫീസറെ കയേറ്റം ചെയ്തതിനുള്ള വകുപ്പുകള്‍കൂടി ചേര്‍ത്തുള്ളതാണ്. 2003-ലും 2018-ലുമാണ് ഈ കേസുകള്‍. പി. രാജീവിനെതിരേ മൂന്നു കേസുകളുണ്ട്.
തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് സ്ഥാനാര്‍ഥികള്‍ ഏതെങ്കിലും കേസില്‍ പ്രതിയാണെങ്കിലോ കോടതിയില്‍ കേസുകളുണ്ടെങ്കിലോ വിവരം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണം. മാത്രമല്ല, അവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും വേണം. ഈ ചട്ടം പാലിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്രയേറെ കേസുകള്‍ നാലര പേജുകളിലായി പ്രസിദ്ധീകരിച്ചത്.