കോട്ടയം: പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ പരാജയം സംബന്ധിച്ച് സിപിഎം ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നേതാക്കള്‍ക്കെതിരെ നടപടി ശിപാര്‍ശയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎം നിയോഗിച്ച പാലാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പ്രഫ.എം.ടി. ജോസഫ്, ടി.ആര്‍.രഘുനാഥന്‍ എന്നിവരായിരുന്നു കമ്മീഷനംഗങ്ങള്‍.
കമ്മീഷന്‍ മൂന്നു തവണ പാലാ ഏരിയാ ഓഫീസില്‍ സിറ്റിംഗ് നടത്തുകയും മണ്ഡലം കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിമാരെ നേരില്‍ കണ്ടു കമ്മീഷന്‍ തെളിവെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ആദ്യം സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ, സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.
റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും യഥാര്‍മായ പരാജയ കാരണം കണ്ടെത്താനായില്ലെന്നും പറഞ്ഞായിരുന്നു റിപ്പോര്‍ട്ട് തള്ളിയത്. തുടര്‍ന്നു നടന്ന ഏരിയാ സമ്മേളനങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാത്തതു വിമര്‍ശനത്തിനു കാരണമായി. ഇതേത്തുടര്‍ന്നാണ് ജില്ലാ സമ്മേളനം ആരംഭിക്കുന്നതിനു മുന്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാലായില്‍ 15000 വോട്ടിനു ജയിക്കുമെന്ന മണ്ഡലം കമ്മറ്റിയുടെ കണക്കുകൂട്ടല്‍ തെറ്റായിരുന്നു. യുഡിഎഫ് 15,000 വോട്ടിനു വിജയിച്ചു. സ്ഥാനാര്‍ഥിക്കും മുന്നണിക്കുമെതിരെ യുഡിഎഫ് ഉയര്‍ത്തികൊണ്ടുവന്ന ആരോപണങ്ങള്‍ മനസിലാക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ല. ഇതിനെ പ്രതിരോധിക്കാനും കഴിഞ്ഞില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മാണി സി. കാപ്പനെക്കുറിച്ചു നല്ല മതിപ്പായിരുന്നു. മാണി സി. കാപ്പനുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്ല ബന്ധവുമുണ്ടായിരുന്നു. ഇതു വോട്ടായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കടുത്തുരുത്തിയിലും പാര്‍ട്ടി മണ്ഡലം കമ്മിറ്റിക്കു ജാഗ്രതയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാലായില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജും കടുത്തുരുത്തിയില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം സി.ജെ.ജോസഫുമായിരുന്നു മണ്ഡലം കമ്മറ്റിയുടെ ഭാരവാഹികള്‍. ഇവര്‍ക്കും മണ്ഡലം കമ്മിറ്റിയിലെ മറ്റു ജില്ലാ കമ്മിറ്റി, ഏരിയാ നേതാക്കള്‍ക്കുമെതിരെ റിപ്പോര്‍ട്ടില്‍ നടപടിക്കു ശിപാര്‍ശയില്ല.