കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് സി.പി.എമ്മിന്റെ ജനകീയ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് സിപിഎമ്മിന്റെ ജനകീയ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ ആയിരക്കണക്കിന് കേന്ദ്രത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, പാര്‍ലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായ അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കൊവിഡ് മറയാക്കി കേന്ദ്രം നടത്തുന്ന കോര്‍പറേറ്റുവല്‍ക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം. തൊഴിലും ഉപജീവനമാര്‍ഗവും നഷ്ടമായി ദുരിതത്തില്‍ കഴിയുന്ന കോടിക്കണക്കിന് സാധാരണക്കാര്‍ക്കുമേല്‍ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രത്തിന്റേത്. പാര്‍ലമെന്റില്‍പ്പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News