മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ പ്രവര്‍ത്തകര്‍ പരസ്യ പ്രകടനം നടത്തി. പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരേയാണ് സ്ത്രീകള്‍ അടക്കമുള്ള നൂറിലധികം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. നേതാക്കള്‍ സാധാരണ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം വിവാദങ്ങള്‍ക്കൊടുവില്‍ പാലക്കാട്ടെ തരൂര്‍ സീറ്റില്‍ ഡോ.പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തരൂരില്‍ ഇനി ജമീലയെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. സംവരണ മണ്ഡലമായ തരൂരില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതിനെതിരെ സിപിഎം കീഴ്ഘടകങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ജമീലയെ മാറ്റി ഡിവൈഎഫ്‌ഐ നേതാവ് പി.പി.സുമോദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തിരുത്തലിന് വഴങ്ങുന്ന കാഴ്ചയാണ് കണ്ടത്. തരൂര്‍ പോലെ ഉറച്ച മണ്ഡലത്തില്‍ നാല് വട്ടം എംഎല്‍എയായ എ.കെ.ബാലന്റെഭാര്യ മത്സരിക്കുന്നത് വഴി സൃഷ്ടിക്കപ്പെടുന്ന സംഘടനപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്നാണ് സൂചന.
അതേസമയം ജില്ലാ ഘടകം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും അരുവിക്കരയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച ജി.സ്റ്റീഫനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. വി.കെ.മധുവിനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാടാര്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട ഏരിയ സെക്രട്ടറിയായ ജി.സ്റ്റീഫനെ തന്നെ അരുവിക്കരയില്‍ ഇറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
തര്‍ക്കം നിലനിന്ന പൊന്നാനിയിലും പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥി പി.നന്ദകുമാറിനെ മത്സരിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. പാര്‍ട്ടി ഏരിയ സെക്രട്ടറി ടി.എം. സിദ്ധീഖിനെ മത്സരിപ്പിക്കണമെന്ന് താഴേത്തട്ടില്‍ നിന്നും ആവശ്യമുയര്‍ന്നെങ്കിലും നന്ദകുമാര്‍ തന്നെ മത്സരിച്ചാല്‍ മതിയെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
കോഴിക്കോട് കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുന്‍ എംപി പി.സതീദേവിയേയും ഇവിടെ സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചിരുന്നുവെങ്കിലും കാനത്തില്‍ ജമീല മത്സരിക്കട്ടേയെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതോടെ തര്‍ക്കം നിലനിന്ന നാല് സീറ്റുകളില്‍ മൂന്നെണ്ണത്തിലും പ്രാദേശികമായി എതിര്‍പ്പ് അവഗണിച്ച് സംസ്ഥാന നേതൃത്വം തന്നെ നിശ്ചയിച്ച ആളുകളാവും സ്ഥാനാര്‍ത്ഥിയാവുക. അതേസമയം സംസ്ഥാന വ്യാപകമായി ചര്‍ച്ചയാക്കപ്പെട്ട തരൂര്‍ സീറ്റില്‍ ജമീലയെ ഒഴിവാക്കി വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചത്.
പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത പി.കെ.ജമീല തരൂര്‍ മത്സരിക്കുകയും ഭരണതുടര്‍ച്ച ലഭിക്കുന്ന പക്ഷം അവര്‍ക്കം സംവരണം വഴി മന്ത്രിസ്ഥാനം വരെ കിട്ടിയേക്കും എന്ന സാധ്യതയെ ചൊല്ലി വലിയ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നിരുന്നു. മുന്‍ ആലത്തൂര്‍ എംപി പി.കെ.ബിജു, മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കളുണ്ടായിട്ടും ജമീലയെ തരൂരില്‍ നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണ് താഴെത്തട്ടിലുണ്ടായത്.