ആലപ്പുഴ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തൃപ്പെരുന്തുറ പഞ്ചായത്തിൽ, കോൺഗ്രസ് പിന്തുണയോടെ നേടിയ പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നിർദ്ദേശം. സംസ്ഥാന കമ്മറ്റി തീരുമാനത്തിന് വിരുദ്ധമായുള്ള നിലപാട് സംസ്ഥാനത്തൊട്ടാകെ പാർട്ടിക്കെതിരായ വികാരം ഉണ്ടാക്കുന്നതായി കമ്മറ്റി വിലയിരുത്തി. പാർട്ടി നയത്തിന് വിരുദ്ധമായ പ്രാദേശിക കൂട്ടുകെട്ടുകൾ തിരുത്തപ്പെടണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ഇത് പ്രചരണ ആയുധമാക്കാൻ ശ്രമിക്കുന്നതായും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തൃപ്പെരുന്തുറ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം പ്രസിഡന്റ് പദവി നേടിയത് വലിയ വാർത്തയായിരുന്നു. ഇവിടെയുള്ളത് എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടാണെന്നും ചെന്നിത്തലയുടെ പഞ്ചായത്തിൽ നിന്ന് തുടങ്ങിയ കൂട്ടുകെട്ട് വരും കാല നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി നീങ്ങുന്നതിന് സൂചനയാണെന്നുമായിരുന്നു ബിജെപി ആരോപണം.