തിരുവനന്തപുരം: കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം സമ്മേളനം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 500ല്‍ അധികം സ്ത്രീകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്നു നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. രാഷ്ട്രീയ പൊതുപരിപാടികള്‍ക്കു നിലവില്‍ വിലക്കില്ലെന്നും ശാരീരിക അകലമടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തുന്നതെന്നുമാണ് സംഘാടകര്‍ പറയുന്നത്.
14 മുതല്‍ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അഞ്ഞൂറിലധികം സ്ത്രീകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇന്നു വൈകുന്നേരം നാലിനു ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയാണ് സംഘാടകര്‍. കോവിഡ്, ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.