KeralaNews

‘നിങ്ങള്‍ക്ക് നിങ്ങളുടെ വഴി..പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി’ആകാശിന് മറുപടിയുമായി ജയരാജൻ തില്ലങ്കേരിയിൽ, മുൻനിരയിൽ കേൾവിക്കാരനായി ആകാശിന്റെ അച്ഛനും

കണ്ണൂര്‍: ”പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി.” -സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ആകാശ് തില്ലങ്കേരിക്കും കൂട്ടാളികള്‍ക്കും മറുപടിനല്‍കി. തില്ലങ്കേരിയില്‍ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകാശും കൂട്ടരും പാര്‍ട്ടിയുടെ മുഖമാണെന്നനിലയില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേല വിലപ്പോവില്ല. തില്ലങ്കേരിയില്‍ പാര്‍ട്ടിക്ക് അതിന്റേതായ പൈതൃകമുണ്ട്. അവരാണ് പാര്‍ട്ടിയുടെ മുഖം. ഞാന്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ആകാശിനെ പുറത്താക്കിയത്. ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം പാര്‍ട്ടിക്ക് ആവശ്യമില്ല.

ഇ.പി. ജയരാജനും ഞാനും നല്ല സൗഹൃദത്തിലാണ്. തില്ലങ്കേരി സംഭവത്തില്‍ ഞങ്ങള്‍ അകല്‍ച്ചയിലാണെന്നതരത്തിലുള്ള പ്രചാരണം തെറ്റിധാരണ പരത്താനാണ് -പി. ജയരാജന്‍ പറഞ്ഞു. ചുമപ്പ് തലയില്‍ കെട്ടിയതുകൊണ്ടുമാത്രം മനസ്സ് ചുവക്കില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. മനസ്സ് ചുവന്നവരുടെ നാടാണ് തില്ലങ്കേരിയെന്നും അദ്ദേഹം പറഞ്ഞു.

ഏരിയാ കമ്മിറ്റി അംഗം പി.കെ. മുഹമ്മദ് അധ്യക്ഷനായി. എം. ഷാജര്‍, പി. പുരുഷോത്തമന്‍, കെ. ശ്രീധരന്‍, എന്‍.വി. ചന്ദ്രബാബു, എം.വി. സരള, അണിയേരി ചന്ദ്രന്‍, മുഹമ്മദ് സിറാജ്, കൈതേരി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

ആകാശിന്റെ പിതാവും വഞ്ഞേരി ബ്രാഞ്ച് അംഗവുമായ വഞ്ഞേരി രവീന്ദ്രന്‍ ആദ്യമവസാനംവരെ സദസ്സിലുണ്ടായിരുന്നു. ആകാശിന്റെ ആദ്യകാല ചെയ്തികള്‍മുതല്‍ അവസാനസംഭവവികാസങ്ങള്‍വരെ അക്കമിട്ട് നിരത്തി വര്‍ഗവഞ്ചകന്റെ പരിവേഷം നല്‍കിയായിരുന്നു ലോക്കല്‍ സെക്രട്ടറി കെ.എ. ഷാജിയുടെ സ്വാഗതപ്രസംഗം.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയായിരുന്ന എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രൊസിക്യൂഷന്‍ ഹര്‍ജിനല്‍കി. മട്ടന്നൂര്‍ പോലീസിന്റെ ആവശ്യപ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാറാണ് ഹര്‍ജി നല്‍കിയത്.

ആകാശിന് 2019 ഏപ്രില്‍ 24-ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്ന ഉപാധിയോടെയായിരുന്നു. അടുത്തിടെ മുഴക്കുന്ന്, മട്ടന്നൂര്‍ പോലീസ് സ്റ്റേഷനുകളിലെടുത്ത കേസുകളില്‍ പ്രതിയായതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ഇരു പോലീസ് സ്റ്റേഷനുകളിലും ആകാശിനെതിരേ പരാതിനല്‍കിയത് ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാക്കളാണ്. മുഴക്കുന്നില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നതിനും മട്ടന്നൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

ഷുഹൈബ് വധക്കേസില്‍ പ്രതിയാകുംമുന്‍പ് മറ്റൊരു കൊലക്കേസില്‍ ആകാശ് പ്രതിയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലും പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button