കായംകുളം: കായംകുളത്ത് മത്സരിച്ചപ്പോൾ കാലുവാരിയെന്ന് തുറന്നടിച്ച് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ കായംകുളത്തുണ്ടെന്നും മത്സരിച്ച് വിജയിച്ചതെല്ലാം യു.ഡി.എഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നടന്ന പി.എ. ഹാരിസ് അനുസ്മരണത്തിലാണ് വിമർശനം.
‘ഒരാളേയും ഞാൻ വിശ്വസിക്കില്ല. നിങ്ങൾ കാലുവാരുന്നവരാണ്. എല്ലാരും എന്നല്ല. അതൊരു കലയായി കൊണ്ടുനടക്കുന്ന കുറച്ച് ആളുകൾ ഇവിടെ ഉണ്ട്. അത് എപ്പോഴും ഉണ്ടാകും. രണ്ട് എതിർ സ്ഥാനാർഥികൾ കാലുമാറി. ഓരോ ദിവസവും കാലുവാരുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയാ.
ഇത് എന്ത് ഏർപ്പാടാണ്. നമ്മുടെ മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ഇടതുപക്ഷം. മനസ്സിൽ ഒന്ന് കരുതുക, പുറകിൽ ഉടുപ്പിന്റെ ഇടയിൽ കഠാര ഒളിച്ചുപിടിക്കുക കുത്തുക.. ഇതൊന്നും ശരിയായ കാര്യമല്ല’- എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പൊതുവായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള വിമർശനമാണ് ജി. സുധാകരൻ പ്രസംഗത്തിൽ ഉന്നയിക്കുന്നത്. നവകേരള സദസ്സിലെ ‘രക്ഷാപ്രവർത്തന’ത്തിന്‍റെ പേരിൽ നടന്ന ആക്രമണങ്ങൾക്കെതിരേയും അടുത്തിടെ സുധാകരൻ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുധാകരൻ പരസ്യമായി പല വിമർശന പ്രസ്താവനകളും നടത്തിയിരുന്നു. ഇത് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന അദ്ദേഹത്തിന്‍റെ സ്വഭാവരീതിയുടെ ഭാഗമായാണ് അടുപ്പമുള്ളവരും പാർട്ടിയും വിലയിരുത്തുന്നത്.
കഴിഞ്ഞ സംസ്ഥാന സമ്മേളത്തിൽ സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ജി. സുധാകരനെ ഒഴിവാക്കിയിരുന്നു. ആലപ്പുഴ ജില്ലയിൽ വലിയ സ്വാധീനമുള്ള ജി സുധാകരൻ നിലവിൽ പാർട്ടി അംഗം മാത്രമാണ്.