സിപിഎം നേതാവ് ഇ.പി ജയരാജൻ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു?

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി ഇ.പി ജയരാജൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സൂചന.ന്യൂസ് 18 കേരള ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. ഇ.പി ജയരാജൻ അനിശ്ചിതകാല അവധിയിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇ.പി ജയരാജൻ എ.കെ.ജി സെന്‍ററിൽ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1950 മെയ് 28ന് കണ്ണൂരിലാണ് ഇ.പി ജയരാജന്‍റെ ജനനം. സിപിഎമ്മിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു ഇ.പി ജയരാജൻ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയശേഷമാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ചെറിയ പ്രായത്തിലേ മികച്ച സംഘാടകനായി പേരെടുത്ത ഇ.പി ജയരാജൻ കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്‍റെ പ്രധാന നേതാവും പിന്നീട് കേന്ദ്രകമ്മിറ്റി അംഗം വരെയായി.

ഡി.വൈ.എഫ്.ഐ ( ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ ) യുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരുമായിരുന്നു അദ്ദേഹം.

ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇ.പി ജയരാജൻ. മന്ത്രിയായിരിക്കെ ബന്ധുനിയമവിവാദത്തിൽ 2016 ഒക്ടോബർ 14-ന്, ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. 2017 സെപ്റ്റംബറിൽ, വിജിലൻസ് ബന്ധുനിയമന കേസിൽ കുറ്റവിമുക്തനാക്കിയതോടെ ജയരാജൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.

കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1996 വരെയും 2011 മുതൽ 2021 വരെയും കേരള നിയമസഭാംഗമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News