KeralaNews

‘സി.പി.എമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായി’ പാര്‍ട്ടി വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് വീണ്ടും തോമസ് ഐസക്

തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വീണ്ടും സിപിഎമ്മിന്‍റെ  വീഴ്ചകള്‍ എണ്ണി പറഞ്ഞ് ഡോ.ടിഎം തോമസ് ഐസക്,. ജനമനസ് മനസിലാക്കുന്നതില്‍ സിപിഎമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ വായിക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും തോമസ് ഐസക് ഫേയ്സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.

എത്ര തരംഗം ഉണ്ടെന്ന് മനസ്സിലാക്കാനായില്ലെന്നും സിപിഎമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായെന്നും ജനങ്ങളുടെ കുഴപ്പം അല്ല, പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്‍റെ വീഴ്ചയാണ് പരാജയത്തിന് കാരണമെന്നും തോമസ് ഐസക് പറഞ്ഞു. തെറ്റ് തിരുത്തും, തിരുത്തിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും എന്ന് വ്യക്തമാക്കികൊണ്ടാണ് തോമസ് ഐസക് ഫേയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിർ തരംഗം കേരളത്തിൽ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോൾ ഇടതുപക്ഷ വിലയിരുത്തൽ യുഡിഎഫ് – ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്. 

എന്നാൽ പോളിംഗിന് മുമ്പുള്ള വിലയിരുത്തലും പോളിംഗിനു ശേഷം ബൂത്തുകളിൽ നിന്നുള്ള വിലയിരുത്തലും താരമ്യപ്പെടുത്തുമ്പോൾ പല മണ്ഡലങ്ങളിലും ഗണ്യമായ തോതിൽ എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെട്ടില്ലായെന്നു കാണാൻ കഴിഞ്ഞു. പോൾ ചെയ്ത വോട്ടുകളിൽ അഞ്ച് മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം കിട്ടുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ എൽഡിഎഫ് വോട്ടർമാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തെരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത്.

ഇങ്ങനെ പാർട്ടിക്കുള്ളിൽ മാത്രമല്ല പാർട്ടി അനുഭാവികളോടും ബന്ധുക്കളോടും തുറന്നു ചർച്ച ചെയ്യുന്നതിനാണു തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ജനങ്ങളുടെ മഹത്തായ ഓസ്യത്താണ്. പാർട്ടിയിൽ ഇല്ലെങ്കിലും അവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അങ്ങനെ നാനാകോണുകളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾക്കും ചെവി കൊടുത്ത് അവയിൽ നിന്ന് ഉൾക്കൊള്ളാവുന്നവ ഏറ്റെടുത്ത് മുന്നോട്ടുപോകും.

2014-ൽ പാർലമെന്റിലേക്ക് 40 ശതമാനം വോട്ട് ലഭിച്ച എൽഡിഎഫിന് 2019-ൽ 35 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ശബരിമലയുമായി ബന്ധപ്പെട്ട കോളിളക്കം പാർട്ടി അടിത്തറയിൽ നിന്ന് ഒരു വിഭാഗത്തെ യുഡിഎഫിലേക്കും ബിജെപിയിലേക്കും നയിച്ചു. ബിജെപിയുടെ വോട്ട് ശതമാനം 10.8-ൽ നിന്ന് 15.6 ആയി ഉയർന്നു. എന്നാൽ എൽഡിഎഫിന്റെ വോട്ട് തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ 42.5 ആയി ഉയർന്നു. ബിജെപിയുടേത് 14.9 ശതമാനമായി താഴ്ന്നു.

അസംബ്ലി തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എൽഡിഎഫിന്റെ വോട്ട് 45.3 ശതമാനമായി ഉയർന്നു. ബിജെപിയുടേത് 12.5 ശതമാനമായി താഴ്ന്നു. ബിജെപിയിലേക്കു പോയ നല്ലൊരു പങ്ക് വോട്ടുകൾ തിരിച്ച് എൽഡിഎഫിലേക്ക് തന്നെ വന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ ചില പ്രദേശങ്ങളിൽ ഇടതുപക്ഷത്തു നിന്നും ബിജെപിയിലേക്കു മാറിയ വോട്ടർമാർ ഒരുപോക്ക് പോയി എന്ന നിഗമനത്തിൽ എത്തുന്നതിൽപ്പരം വിഡ്ഢിത്തം വേറെയുണ്ടാവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button