തിരുവനന്തപുരം: എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം സിപിഎം സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചു. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെയും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പ് കണക്കിലെടുത്താണ് ജമീല മത്സരിക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയത്.
ജമീലയ്ക്ക് പകരം പി.പി.സുമോദ് തരൂരില്‍ എല്‍ഡിഎഫിനായി ജനവിധി തേടും. ബാലന്‍ മാറുന്ന ഒഴിവില്‍ ജമീല സ്ഥാനാര്‍ഥിയാകുന്നത് ജില്ലയിലുടനീളം അണികള്‍ക്കിടയിലും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലും കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്ന് സംസ്ഥാന നേതൃത്വമാണ് ജമീലയുടെ പേര് തരൂര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പലയിടത്തും എതിര്‍പ്പ് പരസ്യമായതോടെ സംസ്ഥാന നേതൃത്വം തീരുമാനത്തില്‍ നിന്നു പിന്നോട്ടുപോവുകയായിരുന്നു.
ജമീലയെ ഇറക്കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും നടന്ന ചര്‍ച്ചകളില്‍ ഭൂരിപക്ഷം നേതാക്കളും പറഞ്ഞതെന്നാണ് സൂചന. ഇതോടെയാണ് തീരുമാനം പുനപരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും ഉച്ചയോടെ തരൂര്‍ മണ്ഡലത്തില്‍ വ്യാപകമായും പി.കെ.ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
ഡിവൈഎഫ്‌ഐ നേതാവ് പി.പി.സുമോദിനെ തരൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കുക.