പാർട്ടി ഫണ്ട് തിരിമറി: വി.കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽനിന്ന് പുറത്താക്കാൻ തീരുമാനം

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരേ കടുത്ത ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ തീരുമാനം. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

തിങ്കളാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗ ശേഷം തീരുമാനം പ്രഖ്യാപിക്കും. ഇ.പി. ജയരാജനടക്കമുള്ള നേതാക്കൾ ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയിരുന്നു. കടുത്ത അച്ചടക്കലംഘനാണ് കുഞ്ഞികൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു, 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്.

പാർട്ടിയിൽ പലതവണ പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി താൻ പറയാൻ തയ്യാറായതെന്നാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്.

പ്രതീക്ഷിച്ച നടപടിയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും വി.കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News