പോലീസുകാരനെതിരെ സി.പി.എമ്മിന്റെ സൈബര്‍ പ്രചാരണം; അവധിയെടുത്ത് സി.പി.ഒ

പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ സിപിഎം, സിപിഐ സംഘര്‍ഷത്തിനിടെ സിപിഎമ്മുകാരെ മര്‍ദിച്ചുവെന്ന പേരില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസറുടെ ചിത്രം സഹിതം സിപിഎം സൈബര്‍ ആക്രമണം. ചുവന്ന അങ്ങാടിക്കല്‍ എന്ന ഫേസ്ബുക്ക് കൂട്ടായമയിലാണ് സിവില്‍ പോലീസ് ഓഫീസര് ഇ.എസ്. ഷൈമോന്റെ ചിത്രം സഹിതം പ്രകോപനപരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോലീസുകാരനെ കൈകാര്യം ചെയ്യണമെന്ന ആഹ്വാനമാണ് ഇതിലുള്ളത്.

ചുവടുപിടിച്ചു സൈബര്‍ സഖാക്കള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നു പിന്തുണ അറിയിക്കുകയും ചെയ്തു. പോലീസുകാരന്‍ ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ കൊടുമണ്‍ എസ്എച്ച്ഒയ്ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പോലീസിനെ ആക്രമിച്ചത് സിപിഐക്കാരാണെന്നു സിപിഎം ആരോപിച്ചിരുന്നു.

കല്ലേറിലാണ് ഇവര്‍ക്കു പരിക്കേറ്റത്. എന്നാല്‍, സിപിഎമ്മുകാരാണ് ആക്രമണം നടത്തിയതെന്ന വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നാണ് സിപിഐയുടെ പക്ഷം. പോലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ സിപിഐക്കെതിരെ കേസുണ്ട്. എന്നാല്‍, പോലീസിനെ ആക്രമിച്ചപ്പോള്‍ ചെറുത്തുനിന്ന സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയാണ് സിപിഎമ്മിന്റെ സൈബര്‍ ആക്രമണമെന്നതു ശ്രദ്ധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News