അമ്പലപ്പുഴയിൽ ചങ്കിടിപ്പോടെ സിപിഎം; ജി. സുധാകരന്റെ സ്ഥാനാർത്ഥിത്വം ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന് അവലോകനം

ജി സുധാകരന് 'കൈ' കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

ആലപ്പുഴ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ഫലം പ്രതികൂലമാകുമോ എന്ന കടുത്ത ആശങ്കയില്‍ സിപിഎം. ജില്ലയിലെ പാര്‍ട്ടിയുടെ അതികായനായിരുന്ന ജി. സുധാകരന്‍ സിപിഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തി മത്സരിച്ചതോടെ അഭിമാനപ്പോരാട്ടമായി മാറിയ അമ്പലപ്പുഴയില്‍, ബൂത്തുതല കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇടതുമുന്നണിക്ക് ചങ്കിടിപ്പേറുകയാണ്. ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിച്ചുവെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍.

അഭിമാന പോരാട്ടം നടക്കുന്ന അമ്പലപ്പുഴയില്‍ ജി.സുധാകരന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടുണ്ടായ പ്രതികൂല ഘടകങ്ങള്‍ കാരണം എല്‍ഡിഎഫ് പിന്നില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സിപിഎം പ്രാഥമിക വിലയിരുത്തല്‍. ഹരിപ്പാടും കുട്ടനാടും എല്‍ഡിഎഫിന് വിജയസാധ്യയില്ലെന്നും മൂന്നിടത്ത് വിജയം ഉറപ്പെന്നുമാണ് ബൂത്ത് തല കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള സിപിഎം നിഗമനം. നാലിടത്ത് മല്‍സരം കടുത്തതെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

അഭിമാന പ്രശ്നമായി പാര്‍ട്ടി കാണുന്ന അമ്പലപ്പുഴയില്‍ കടുത്ത മല്‍സരമെന്ന വിലയിരുത്തലില്‍ സിപിഎം. ജി.സുധാകരന്‍ സ്ഥാനാര്‍ഥിയായതോടെ അമ്പലപ്പുഴയില്‍ പതിവായി എല്‍ഡിഎഫിന് കിട്ടിയിരുന്ന വോട്ടുകള്‍ ലഭിച്ചില്ല. ഭരണവിരുദ്ധ വികാരം, ജി.സുധാകരന്‍ എതിര്‍ സ്ഥാനാര്‍ഥി ആയത്, പാര്‍ട്ടി അനുഭാവികള്‍, നിഷ്പക്ഷമതികള്‍ എന്നിവരുടെ വോട്ടുകളിലെ ചോര്‍ച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങള്‍ നിമിത്തം നേരിയ വോട്ടുകള്‍ക്ക് അമ്പലപ്പുഴ എല്‍ഡിഎഫിന് നഷ്ടമാകാനുള്ള സാധ്യതയും കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള അവലോകനത്തില്‍ വ്യക്തമാക്കുന്നു.

അനുകൂല ഘടകങ്ങള്‍ വോട്ടായി മാറിയാല്‍ 5000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. അനുഭാവി വോട്ടുകളില്‍ കുറവുണ്ടായെങ്കിലും പരമ്പരാഗത സിപിഎം വോട്ടുകളും ഉറച്ച പാര്‍ട്ടി വോട്ടുകളും ചോര്‍ന്നിട്ടില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജി.സുധാകരന്‍ സ്ഥാനാര്‍ഥിയല്ലായിരുന്നെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുമായിരുന്ന വോട്ടുകള്‍ നഷ്ടമായി. ബിജെപി വോട്ടുകള്‍ ജി.സുധാകരന് ലഭിച്ചിട്ടുണ്ട്. കളര്‍കോട്, കൈതവന, പഴവീട് തുടങ്ങിയ മേഖലകളില്‍ പാര്‍ട്ടിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന നിഷ്പക്ഷമതികളുടെ വോട്ടുകള്‍ പൂര്‍ണമായി കിട്ടിയിട്ടില്ല.

അതേ സമയം അമ്പലപ്പുഴയില്‍ ജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് ജി സുധാകരനും യുഡിഎഫും. അതികായനായ ജി സുധാകരന്‍ സിപിഎം വിട്ട് യുഡിഎഫ് പാളയത്തില്‍ എത്തി മത്സരിച്ചപ്പോള്‍ വലിയ വാക്‌പോരും ഏറ്റുമുട്ടലുമാണ് നടന്നത്. വോട്ടെടുപ്പിന് ശേഷം ജി സുധാകരന്‍ വലിയ ആത്മ വിശ്വാസത്തിലാണ്. യുഡിഎഫ് വോട്ട്, സുധാകരന് വ്യക്തി എന്നനിലയില്‍ പ്രതിഛായക്ക് വോട്ട് മാത്രവുമല്ല, സിപിഎമ്മില്‍ നിന്ന് നല്ലൊരു ശതമാനം വോട്ട് എന്നിവ സമാഹരിക്കാനായെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. പാര്‍ട്ടിക്കുള്ളിലെ അമര്‍ഷവും സുധാകരന് വോട്ടായി മാറി. 50,00-10,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടാവുമെന്നാണ് യുഡിഎഫ് അവകാശവാദം ഉന്നയിക്കുന്നത്.

ബൂത്ത് തല അവലോകനത്തില്‍ 2000 ത്തില്‍ താഴെ വോട്ടുകള്‍ക്ക് തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ഔദ്യോഗിക കണക്കുകള്‍ വരാന്‍ തുടങ്ങുന്നതേ ഉളളൂ. എന്നാല്‍, പാര്‍ട്ടി പോക്കറ്റുകളില്‍ നിന്ന് വോട്ട് ചോര്‍ന്നോ എന്ന സംശയം ചില നേതാക്കള്‍ക്കുണ്ട്. പുറത്ത് പാര്‍ട്ടി ആത്മ വിശ്വാസത്തിലാണ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നേരിട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ മണ്ഡലമായ അമ്പലപ്പുഴ ജി സുധാകരനും യുഡിഎഫിനും സിപിഎമ്മിനും ഒരുപോലെ അഭിമാന പ്രശ്‌നമാണ്.

അമ്പലപ്പുഴയ്ക്കു പുറമേ കായംകുളം, കുട്ടനാട് , ആലപ്പുഴ, അരൂര്‍ എന്നിവിടങ്ങളില്‍ കടുത്ത മല്‍സരമാണ്. ഇതില്‍ ആലപ്പുഴ ഒഴികെയുള്ള നാലിടത്തും മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തിയിരുന്നു. അരൂരില്‍ ബൂത്ത് തല കണക്കുകള്‍ പ്രകാരം അറുനൂറോളം (600) വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പിന്നിലാണ്. ചെങ്ങന്നൂര്‍, മാവേലിക്കര, ചേര്‍ത്തല എന്നിവിടങ്ങളില്‍ വിജയം ഉറപ്പാണ്. ഹരിപ്പാട്, കുട്ടനാട് സീറ്റുകള്‍ നഷ്ടമാകും. കുട്ടനാട്ടില്‍ 7600 ഓളം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പിന്നിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സിപിഎം തിരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറിമാരുടെ യോഗം ഇന്നലെ ചേര്‍ന്നു. ഇന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റില്‍ വിശദമായ ചര്‍ച്ച നടക്കും.

CPM in Alappuzha is in deep concern as booth-level data suggests a potential loss in Ambalappuzha after party giant G. Sudhakaran contested as a UDF candidate. The internal review indicates a leak in neutral and party-sympathizer votes towards Sudhakaran, with a possibility of losing by a narrow margin. While CPM remains confident in Chengannur and Cherthala, they anticipate losses in Haripad and Kuttanad, with Sudhakaran and UDF claiming a majority of up to 10,000 votes.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News