അഞ്ചു മണ്ഡലങ്ങളിലും പുതുമുഖങ്ങള്‍; ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോടിയേരി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം. വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, എറണാകുളത്ത് മനു റോയി, അരൂരില്‍ മനു സി.പുളിക്കല്‍, കോന്നിയില്‍ കെ.യു. ജനീഷ്‌കുമാര്‍, മഞ്ചേശ്വരത്ത് ശങ്കര്‍ റേ എന്നിവര്‍ മത്സരിക്കും. സ്ഥാനാര്‍ഥികള്‍ എല്ലാവരും പുതുമുഖങ്ങളാണെന്നും സാമുദായിക ഘടകങ്ങള്‍ നോക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും കോടിയേരി വ്യക്തമാക്കി. സാമുദായിക സമവാക്യങ്ങളെ അടിസ്ഥാനമാക്കിയല്ല സ്ഥാനാര്‍ഥി നിര്‍ണയം. എറണാകുളത്ത് സ്ഥാനാര്‍ഥിയുടെ സമുദായമല്ല നോക്കിയതെന്നും കോടിയേരി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ല. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും അദ്ദേഹം പറഞ്ഞു. മരട് ഫ്‌ളാറ്റില്‍ സുപ്രീംകോടതി വിധി നടപ്പാക്കും. അവിടെ താമസിക്കുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കി മാറ്റി പാര്‍പ്പിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി പറഞ്ഞു. മഞ്ചേശ്വരത്ത് സി.എച്ച്.കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുഞ്ഞമ്പു മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശങ്കര്‍ റേയെ എല്‍ഡിഎഫ് രംഗത്തിറക്കിയത്.