തിരുവനന്തപുരം : കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും സി പി എം – ബിജെപി സംഘർഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു. കാട്ടിയകോണത്ത് രാവിലെ ബിജെപി – സിപിഐഎം സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചകഴിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരിക്കുന്നത്.
കാട്ടായിക്കോണം ബിജെപിക്കും സിപിഐഎമ്മിനും ശക്തിയുള്ള പ്രദേശമാണ്. ഇതില്‍ സിപിഐഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് രാവിലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരു ബിജെപി പ്രവര്‍ത്തകന് തലയ്ക്ക് പരുക്കേല്‍ക്കുകയും വനിതകള്‍ക്ക് അടക്കം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടർന്ന് കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തി. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തിയത്. കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ 5 പരാതികൾ നൽകിയിട്ടുണ്ട്. കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.