കണ്ണൂര്‍: നേതാക്കളുടെ ഒപ്പമുള്ള അണികളുടെ ‘സെല്‍ഫി’ വിലക്കാനൊരുങ്ങി സി.പി.എം. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളില്‍പ്പെട്ട പ്രതികള്‍ നേതാക്കളുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചാണ് പലരെയും വരുതിയിലാക്കുന്നതെന്നാണ് സിപിഎം കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സിപിഎം നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ഇയാളെ സി.പി.എമ്മില്‍ നിന്നു പുറത്താക്കിയെന്നു പറയുമ്പോഴും നേതാക്കളുടെ ഒപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് പലതും നേടിയെടുത്തത്. കൂടാതെ, ശുഹൈബ്, ടി.പി വധക്കേസുമായി ബന്ധപ്പെട്ട പ്രതികളുടെ നേതാക്കന്‍മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിവാദമായിരുന്നു.
ടി.പി. വധക്കേസുമായി ബന്ധപ്പെട്ട പ്രതികളായ ഷാഫിയുടെയും കൊടി സുനിയുടെയും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തുന്നതും പൊട്ടിക്കല്‍ സംഘങ്ങളുടെ പതിവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൂടാതെ, സിപിഎം-ഡിവൈഎഫ്‌ഐയുമായി ബന്ധപ്പെടുന്ന സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കാനും സിപിഎമ്മിന്റെ സൈബര്‍ വിംഗിന് നിര്‍ദേശമുണ്ട്.
സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലില്‍ ഇടതുപക്ഷ സഹയാത്രികനായി വിലസുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത്, കഞ്ചാവ് അടക്കമുള്ള കേസുകളുമായി ഇവര്‍ക്കു ബന്ധമുണ്ടെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഇവരെ ചൂണ്ടിക്കാണിക്കാനാണ് ഡിവൈഎഫ്‌ഐയുടെ നിര്‍ദേശം. പാര്‍ട്ടിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്നാണ് പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജ് റെഡ് ആര്‍മി എന്നാക്കി മാറ്റിയത്.