തിരുവനന്തപുരം:സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് പാലാ നിയമസഭ സീറ്റിനെ ചൊല്ലി എന്‍സിപി മുന്നണി വിടുന്നെങ്കില്‍ തടയേണ്ടെന്ന് സിപിഎം. എല്‍ഡിഎഫിലിരിക്കെ, യുഡിഎഫുമായി എന്‍സിപി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. സിപിഐ നിലപാടും ശരദ്പവാര്‍ നടത്തുന്ന നീക്കങ്ങളുമാകും എന്‍സിപി ഫ എല്‍ഡിഎഫ് ബന്ധത്തില്‍ ഇനി നിര്‍ണായകം.
എന്നാൽ പാലാ, കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കല്‍ സീറ്റുകളിലും മത്സരിക്കുമെന്നാണ് എന്‍സിപി നിലപാട്. ആദ്യം മയത്തില്‍ പറഞ്ഞ് തുടങ്ങിയ എന്‍സിപി മുംബൈ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരണങ്ങളും കടുപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ ജോസ് വിഭാഗത്ത പ്രകീര്‍ത്തിച്ച സിപിഎം, പാലാ സീറ്റ് എന്ന അടിസ്ഥാന ആവശ്യത്തില്‍ ജോസിനെ പിണക്കില്ല എന്ന സൂചനയും നല്‍കി. പാലാ സീറ്റിലെ തര്‍ക്കത്തിനിടയില്‍ എന്‍സിപി യുഡിഎഫുമായി അനൗപചാരികമായ ചര്‍ച്ച നടത്തിയതാണ് സിപിഎം എന്‍സിപി ബന്ധത്തിലെ പ്രധാന വിള്ളല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ച ടിപി പീതാംബരന്റെ വിവാദ പ്രസ്താവനയും അതിനുള്ള സിപിഎം മറുപടി കൂടി വന്നതോടെ ശീതയുദ്ധത്തിനും ചൂടേറി.
അതേസമയം എന്‍സിപി മുന്നണി വിട്ടാല്‍ ബോണസ് സിപിഎമ്മിന് തന്നെ. പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. അതെ സമയം കുട്ടനാടും എലത്തൂരും സിപിഎമ്മിന് ഏറ്റെടുക്കാന്‍ കഴിയുന്ന സാഹചര്യവുമുണ്ടാകും. എ കെ ശശീന്ദ്രന്‍ ഇടതുമുന്നണിക്കൊപ്പമെങ്കിലും എലത്തൂര്‍ നല്‍കുന്ന കാര്യത്തില്‍ ഉറപ്പില്ല. സിപിഎം ശക്തികേന്ദ്രത്തില്‍ പ്രാദേശിക ഘടകങ്ങളുടെ വികാരവും സംസ്ഥാനനേതൃത്വം മുഖവിലക്കെടുക്കുന്നു. കോട്ടയ്ക്കല്‍ സീറ്റ് ഐഎന്‍എല്ലിനോ ഇടത് സ്വതന്ത്രനോ നല്‍കാന്‍ വഴിയൊരുങ്ങും. സിറ്റിംഗ് സീറ്റുകള്‍ ഉറപ്പിക്കാന്‍ ശരദ് പവാര്‍ നേരിട്ട് സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താനും സാധ്യതയേറി.