തമിഴ്‌നാട്ടിൽ സിപിഎമ്മിനും സിപിഐക്കും രണ്ട് വീതം സീറ്റുകൾ; മണ്ഡലങ്ങൾ തീരുമാനമായില്ല

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി. സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളില്‍ മത്സരിക്കും. 2019-ലും രണ്ട് സീറ്റുകളിലായിരുന്നു ഇരുപാര്‍ട്ടികളും മുന്നണിയില്‍ മത്സരിച്ചിരുന്നത്. രണ്ടിടത്തും ഇരുപാര്‍ട്ടികളും ജയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അതേ സീറ്റുകള്‍ തന്നെ ഇത്തവണയും ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കുമോയെന്നതില്‍ വ്യക്തതയില്ല. സീറ്റുകളുടെ എണ്ണത്തില്‍ മാത്രമേ ധാരണയായിട്ടുള്ളൂ. ഏതെല്ലാം സീറ്റുകളിലാണ് മത്സരിക്കുക എന്നതില്‍ തീരുമാനമായിട്ടില്ല. സീറ്റുകള്‍ ഏതാണെന്നത് തുടര്‍ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിനെചൊല്ലി സിപിഎമ്മും ഡിഎംകെയും തമ്മില്‍ തര്‍ക്കമുണ്ട്. കോയമ്പത്തൂരില്‍ കമല്‍ഹാസന്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് കൈമാറാനാണ് ഡിഎംകെയ്ക്ക് താത്പര്യം. എന്നാല്‍, വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.

കോയമ്പത്തൂരിന് പുറമെ മധുരയിലാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News