തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ സിപിഎം രംഗത്ത്. മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ദേഹത്ത് കൈവച്ചപ്പോൾ ഇഷ്ടപ്പെടാത്തത് കൊണ്ട് തട്ടിമാറ്റി. സുരേഷ് ഗോപി അത് വീണ്ടും ആവർത്തിക്കുകയാണ് ചെയ്തത്. ഇത് ഒരു കാരണവശാലും ശരിയല്ല.
സുരേഷ് ഗോപിയുടെ പ്രവർത്തി ഒരുതരത്തിലുളള ന്യായീകരണവും അർഹിക്കുന്നില്ല. ഒരു സ്ത്രീയെ തൊടുമ്പോൾ അവർ അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുമ്പോൾ അതിനനുസരിച്ച നിലപാട് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. ആരും സ്ത്രീകളോട് മോശമായി പെരുമാറാൻ പാടില്ല. സുരേഷ് ഗോപി സമൂഹത്തോടും മാധ്യമ പ്രവർത്തകയോടും മാപ്പ് പറയണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തി. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ ക്ഷമാപണം നടത്തി.