തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാൻ കൂട്ടാക്കാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഗവർണറെ കടന്നാക്രമിച്ച് സിപിഎം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബോധപൂർവം ഗവർണർ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കുമെന്ന് കോടിയേരി ആരോപിച്ചു. ഗവർണറെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുകയാണ് ബിജെപി. ഗവർണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിലെ രീതി. കേരളത്തിലും അതിനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
ഗവർണറുടെ ഇടപെടലിന്റെ കാഠിന്യം കൂടിയിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. പ്രധാന ഓർഡിനൻസുകൾ പോലും തടസപ്പെടുത്തുന്നു. പോകുമ്പോൾ പതിനൊന്നും പോകട്ടെ എന്ന നിലപാടാണ് ഓർഡിനൻസിന്റെ കാര്യത്തിൽ ഗവർണർ സ്വീകരിച്ചത്. ഓർഡിനൻസ് പ്രശ്നത്തിൽ സഭ സമ്മേളിക്കേണ്ട സ്ഥിതി വന്നു. ഇത്തരത്തിലാണെങ്കിൽ ഭരണഘടനാനുസൃതമായി സർക്കാരിനും ഇടപെടേണ്ടി വരുമെന്ന് കോടിയേരി വ്യക്തമാക്കി. ഓർഡിനൻസിന്റെ കാര്യത്തിൽ എന്ത് കൊണ്ട് ഒപ്പിടില്ലെന്ന കാരണം ഗവർണർ വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.