KeralaNews

ദീപുവിന്റെ മരണം:’ട്വന്റി 20 നാടകം കളിക്കുന്നു; കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല’ – സിപിഎം

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ഒറ്റപ്പെട്ടതോടെ താത്കാലിക ലാഭത്തിനായി ദീപുവിന്റെ മരണത്തെ ട്വന്റി 20 ഉപയോഗിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.ബി. ദേവദർശൻ ആരോപിച്ചു.

ദീപുവിന്റെ മരണത്തിൽ ട്വന്റി 20 നാടകം കളിക്കുകയാണ്. സിപിഎമ്മിന് ദീപുവിന്റെ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ദേവദർശൻ തള്ളിക്കളഞ്ഞു.

സംഭവത്തിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നാല് സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.

കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു.

‘ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകരെത്തിയതെന്നും വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ആക്രമിച്ചതെന്നും സാബു ആരോപിച്ചു. പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പ്രതികരിച്ചു.

എന്നാൽ, സാബു എം ജേക്കബിന്റെ ആരോപണങ്ങൾ കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജൻ തള്ളി. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീനിജൻ ആരോപിച്ചു. സാബുവിന്റെ ആരോപങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. ‘തന്റെ ഫോണും കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കട്ടെ. അതിൽ ഭയപ്പെടുന്നില്ല. പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം. പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജൻ എംഎൽഎ പറഞ്ഞു.

കഴിഞ്ഞ 12 നാണ് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ദീപുവിന്റെ പോസ്റ്റ് മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്. വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കന്പലത്തെ ട്വന്റി ട്വന്റി നഗറിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്കാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button