തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സിപിഐഎം പ്രവര്‍ത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി റിജിലിനെയാണ് തൃശൂര്‍ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കവര്‍ച്ചാപണം റിജില്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കുഴല്‍പ്പണം തട്ടിയെടുത്ത ശേഷം ദീപക്കില്‍നിന്ന് മൂന്നു ലക്ഷം രൂപ റെജില്‍ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് റെജിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റെജില്‍ എസ്.എന്‍. പുരത്ത് രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്നാണ് വിവരം. കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപുവിനെയും ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
കുഴല്‍പ്പണക്കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഓരോ ദിവസും പുതിയ പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനുള്ള പണത്തിന്റെ പരിധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണയിച്ചിട്ടുണ്ട്. അതിനപ്പുറം സ്ഥാനാര്‍ഥി ചെലവഴിച്ചോ എന്ന് പരിശോധിക്കണം. അന്വേഷണം ഇപ്പോള്‍ നടക്കുന്നത് ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.