പാലക്കാട്: സി.പി.എം ജില്ലാ സമ്മേളനത്തിൽ പോലീസിനും മുൻ എം. എൽ. എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിക്കുമെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികൾ വിമർശനമുയർത്തിയത്. സർക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു.
പോലീസിന്റെ സമീപനം ശരിയല്ല. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിമർശനമുയർന്നു.
സാധാരണ മറ്റ് നേതാക്കൻമാർക്ക് ഇല്ലാത്ത പരിഗണനയാണ് പി.കെ ശശിക്ക് ലഭിച്ചതെന്നായിരുന്നു സമ്മേളനത്തിൽ ഉയർന്ന വിമർശനം. പട്ടാമ്പി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കെതിരെയും വിമർശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയിൽ പ്രാദേശിക ഘടകങ്ങളിൽ വിഭാഗീയത രൂക്ഷമായതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പ് കേട് കാരണമാണ്. പുതുശ്ശേരി പട്ടാമ്പി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനമുയർത്തിയത്.
സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ കൃഷ്ണദാസിനെതിരെയും വിമർശനമുയർന്നു. ചില നേതാക്കൾ ചിലരെ തോഴൻമാരാക്കി കൊണ്ടുനടക്കുന്നു. ഇത് പാർട്ടിക്ക് ഭൂഷണമല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.