തിരുവനന്തപുരം: അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദിച്ചതായി ഡി.ജി.പിക്കു പരാതി. ഇടതുസംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണു കസ്റ്റംസിനെതിരേ പരാതി നല്‍കിയത്.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണനെ മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണു ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കൂടുതല്‍ പ്രതികാരനടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.
‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്’ എന്ന തലക്കെട്ടിലാണ് വിമര്‍ശനം. സെക്രട്ടേറിയറ്റില്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് വിമര്‍ശനം. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും സംഘടന പരാതി നല്‍കി.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹരികൃഷ്ണനില്‍ നിന്ന് കസ്റ്റംസ് മൊഴിയെടുത്തിരുന്നു. നേരത്തെ എന്‍ഐഎയും ഇദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തിരുന്നു.