തിരുവനന്തപുരം: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നും സംഭാവനയായി സിപിഐഎം സ്വീകരിച്ചത് 6.91 കോടി രൂപയെന്ന് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുമാണ് സിപിഐഎം ഇക്കാലയളവില്‍ ഏറ്റവുമധികം സംഭാവന സ്വീകരിച്ചതെന്നാണ് എഡിആര്‍ പുറത്തുവിടുന്ന കണക്ക്. സിപിഐഎം മുത്തൂറ്റില്‍ നിന്നും 2,65,00,000 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. മുത്തൂറ്റ് കഴിഞ്ഞാല്‍ സിപിഐഎം പാര്‍ട്ടി ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത് കല്യാണ്‍ ജുവലേഴ്സാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,12,00,000 രൂപയാണ് സംഭാവനയായി സിപിഐഎം കല്യാണ്‍ ജുവലേഴ്സില്‍ നിന്നും സ്വീകരിച്ചത്.
ഇതിനു പുറമേ കിറ്റെക്സ് ചില്‍ഡ്രണ്‍വെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും നവയുഗ എഞ്ചിനീയറിംഗ് കമ്പനിയില്‍ നിന്നും രാജധാനി മിനെറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ നിന്നും ഇന്‍ഡസ് മോട്ടോര്‍സില്‍ നിന്നും സിപിഐഎം വലിയ തുക സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്നും ആകെ 921.95 കോടി രൂപയുടെ സംഭാവന സ്വീകരിച്ചെന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതിനും മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സ്വീകരിച്ചത് 573.18 കോടി രൂപയാണെന്നും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്.
ബിജെപിയാണ് 2019-20 വര്‍ഷം കോര്‍പറേറ്റുകളില്‍ നിന്നും ഏറ്റവുമധികം സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടി. 720 കോടിയിലധികം രൂപയുടെ സംഭാവന ബിജെപി കോര്‍പറേറ്റുകളില്‍ നിന്നും സ്വീകരിച്ചെന്നാണ് എഡിആറിന്റെ റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ 91 ശതമാനവും കോര്‍പറേറ്റ് ഫണ്ടുതന്നെയാണ്. ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം, എന്‍സിപി, തൃണമൂണ്‍ കോണ്‍ഗ്രസ് എന്നിങ്ങനെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ബിജെപിയാണ് കൂടുതല്‍ സംഭാവന സ്വീകരിച്ചതെന്ന് എഡിആര്‍ കണ്ടെത്തിയത്.
2025 കോര്‍പറേറ്റുകളില്‍ നിന്നായി ബിജെപി 720.407 കോടി രൂപ സംഭാവനയായി സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന് 154 കോര്‍പറേറ്റുകളില്‍ നിന്ന് ലഭിച്ചത് 133.04 കോടി രൂപയുടെ സംഭാവനയാണ്. എന്‍സിപി 57.086 കോടി രൂപ വാങ്ങി. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കണെമന്നാണ് നിയമം. തങ്ങള്‍ക്ക് 20000 രൂപയ്ക്ക് മുകളിലുള്ള യാതൊരു സംഭാവനയും ലഭിച്ചില്ലെന്നാണ് ബിഎസ്പി സാക്ഷ്യപ്പെടുത്തിയിരുന്നത്. കോര്‍പറേറ്റുകളില്‍ നിന്നും സ്വീകരിച്ച യാതൊരു വരുമാനവും സിപിഐയും രേഖപ്പെടുത്തിയിട്ടില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവകളില്‍ 43% ശതമാനവും ഇലക്ട്രോള്‍ ട്രസ്റ്റുകളില്‍ നിന്നാണ്. സംഭാവനയുടെ 15.87 ശതമാനം നിര്‍മാണ കമ്പനികളില്‍ നിന്നും 13 ശതമാനം ഖനന/ കെട്ടിട നിര്‍മാണ/ കയറ്റുമതി കമ്പനികളില്‍ നിന്നുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.