തിരുവനന്തപുരം:ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടകകക്ഷികൾ സീറ്റ് വിഭജനം പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്തുകളിലെ എൽഡിഎഫ് ഘടകകക്ഷികൾ ധാരണയിലെത്തിയ സീറ്റുകൾ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രഖ്യാപിച്ചു. ജില്ല, കോർപറേഷൻ വാർഡുകളിലെ സിപിഐ എം സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. മറ്റുഘടകകക്ഷികൾ അവരവരുടെ സ്ഥാനാർഥി പട്ടിക പിന്നീട് പ്രഖ്യാപിക്കും. സിപിഐ സ്ഥാനാർഥികളെ ശനിയാഴ്‌ച പ്രഖ്യാപിക്കും.
ഇരുപത്താറ് ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ 19 ഡിവിഷനിൽ സിപിഐ എം മത്സരിക്കും. സിപിഐ–- 4, ജനതാദൾ എസ്–- 1, എൽജെഡി–- 1, കേരള കോൺഗ്രസ് മാണി–- 1 എന്നിങ്ങനെയാണ് മത്സരിക്കുക.
നൂറ് വാർഡുള്ള കോർപറേഷനിൽ 70 വാർഡിൽ സിപിഐ എം മത്സരിക്കും. സിപിഐ–- 17, ജനതാദൾ എസ്–- 2, എൽജെഡി–- 2, കേരള കോൺഗ്രസ് എസ്–-1, ഐഎൻഎൽ–-1, എൻസിപി–-1. ആറ് സീറ്റിൽ തീരുമാനം പിന്നീട്.
നാല് നഗരസഭയിലും 11 ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫ് സീറ്റ് ധാരണയായി. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്തുതല എൽഡിഎഫ് കമ്മിറ്റികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.